കിരീട നേട്ടത്തിന് പിന്നാലെ ടീം ഇന്ത്യയ്ക്ക് വമ്പൻ പുരസ്കാര പ്രഖ്യാപനവുമായി ബിസിസിഐ; 125 കോടി രൂപ സമ്മാനം

കെൻസിംഗ്ടൺ ഓവലിൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ, 2024 ലെ ടി20 ലോകകപ്പ് കിരീട ജേതാക്കളായ ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ടീം അസാധാരണമായ പ്രകടനവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചുവെന്നും ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ജയ് ഷാ എക്സിൽ കുറിച്ചു.

ടൂർണമെൻ്റിലുടനീളം ഒരു കളി പോലും തോൽക്കാതെ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായി രോഹിത് ശർമ്മയും കൂട്ടരും ചരിത്രം സൃഷ്ടിച്ചു. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ തോറ്റ ഇന്ത്യൻ ടീം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയായിരുന്നു ഇന്നലത്തെ ഐതിഹാസിക വിജയം.

“മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീം തങ്ങളുടെ വിമർശകരെ നിശബ്ദരാക്കി. ഈ യാത്ര വലിയ പ്രചോദനമാണ്. എല്ലാ ഇന്ത്യക്കാർക്കും വളരെയധികം അഭിമാനവും സന്തോഷവും നൽകുന്ന ഒരു പ്രത്യേക നേട്ടമാണ് കൈവരിച്ചിരിക്കുന്നത്,” ടീം ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ ജയ് ഷാ പറഞ്ഞിരുന്നു.

ടി20 ഫൈനലില്‍ ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയമാണ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്തു.

More Stories from this section

family-dental
witywide