തലയ്ക്ക് മുകളിൽ വളരേണ്ട, രഞ്ജി‌യെ അവ​ഗണിച്ച ശ്രേയസിനും ഇഷനും ബിസിസിഐയുടെ ശിക്ഷ

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ ബാറ്റർമാരായ ശ്രേയസ് അയ്യറിനും ഇഷാൻ കിഷനുമെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ഇരുവരെയും അച്ച‌ടക്ക നടപടിയുടെ ഭാ​ഗമായി ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ വർഷം ശ്രേയസിന് മൂന്ന് കോടിയും ഇഷാന് ഒരു കോടി രൂപയുമുള്ള കരാർ നൽകിയിരുന്നു. അതേസമയം കെ.എൽ.രാഹുൽ, ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവരെ 5 കോടി രൂപ വാർഷിക പ്രതിഫലമുള്ള ഗ്രേഡ് എയിലേക്ക് ഉയർത്തി.

മലയാളി താരം സഞ്ജു സാംസൺ ഒരു കോടി രൂപ ലഭിക്കുന്ന ഗ്രേഡ് സിയിൽ തുടരും. ടീമിൽ നിന്നൊഴിവാക്കിയതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് താരമായ ഇഷൻ കിഷൻ ബിസിസിഐയുമായി ശീതസമരത്തിലായിരുന്നു. താരം രഞ്ജി ട്രോഫിയിൽ കളിക്കാതെ ഒഴിഞ്ഞുമാറി. ഇതിനിടെ താരം ഹർദിക് പാണ്ഡ്യയുമൊത്ത് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രവും പുറത്തുവന്നു. ശ്രേയസ് അയ്യരും രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നില്ല. തുടർന്നാണ് ക‌ടുത്ത നടപടിയുമായി ബിസിസിഐ രം​ഗത്തെത്തിയത്.

BCCI exclude Ishan Kishan and Shreyas aiyer from annual contract