ആലപ്പുഴ: ബി ഡി ജെസ് മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്ന ചര്‍ച്ചകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്നും എന്‍ ഡി എക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തുഷാര്‍ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്ന് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടക്കം കേരളത്തില്‍ എന്‍ ഡി എയ്ക്ക് ഉണ്ടായ രാഷ്ട്രീയ മുന്നേറ്റ വളര്‍ച്ച പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഇത്തരത്തിലുള്ള ചേരികളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ മാത്രമാണ്.
ബി ഡി ജെ എസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ ഡി എ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബി ഡി ജെ എസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി ജെ പിയും പ്രവര്‍ത്തിച്ചു വരുന്നത്. ഈ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാന്‍ പല കോണില്‍ നിന്നും നിരന്തരമായി ശ്രമങ്ങള്‍ ഉണ്ടായിട്ടും അത്തരം നീക്കങ്ങള്‍ ഒക്കെയും പരിപൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണ്.
ബി ഡി ജെ എസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങള്‍ മുന്‍പത്തെ എന്ന പോലെ തന്നെ തികഞ്ഞ അവജ്ഞയോടെ തള്ളി ക്കളയുകയാണ്. ബി ഡി ജെ എസ്, എന്‍ ഡി എയ്‌ക്കൊപ്പം അടിയുറച്ചു നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇനി വരാന്‍ പോകുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സര്‍വ്വശക്തിയും സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് എന്‍ ഡി എയ്ക്ക് കേരളത്തില്‍ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകരും. പാര്‍ട്ടിയും നേതൃത്വവും അതുകൊണ്ട് തന്നെ ഇനിയും മുന്‍പ് എന്ന പോലെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളിലും എന്‍ ഡി എയ്ക്ക് ഒപ്പം അടിയുറച്ച് തന്നെ നില്‍ക്കും.