ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പതഞ്ജലി പുറത്തിറക്കിയ പരസ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നടപടി നേരിടാൻ തയ്യാറായിക്കൊള്ളാൻ സുപ്രീം കോടതി രാംദേവിനോട് പറഞ്ഞു.
ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ വാദം കേൾക്കുന്നതിനിടെ പതഞ്ജലി കഴിഞ്ഞ മാസം നൽകിയ മാപ്പപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചു. നിങ്ങളുടെ ക്ഷമാപണത്തിൽ ഞങ്ങൾ തൃപ്തരല്ലെന്നും ജസ്റ്റിസ് കോഹ്‌ലി പറഞ്ഞു. ക്ഷമാപണം ആത്മാർത്ഥമാണെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയിൽ വ്യക്തിപരമായി മാപ്പ് പറയാൻ രാംദേവും ബാലകൃഷ്ണയും തയ്യാറാണെന്ന് രാംദേവിൻ്റെ അഭിഭാഷകൻ പറഞ്ഞു. കോടതി എന്തു പറഞ്ഞാലും ചെയ്യാൻ തയ്യാറാണെന്നും മുതിർന്ന അഭിഭാഷകൻ ബൽബീർ സിംഗ് കോടതിയെ കൂപ്പുകൈകളോടെ പറഞ്ഞു.
നടപടിയെടുക്കാത്തതിന് കേന്ദ്രസർക്കാരിനെ വിമർശിച്ച സുപ്രീം കോടതി, സർക്കാർ ഇരിക്കുകയാണെന്ന് പറഞ്ഞു. കേസിൽ അടുത്ത വാദം കേൾക്കുന്നതിന് ഏപ്രിൽ 10ന് – രാംദേവിനോടും ബാലകൃഷ്ണയോടും കോടതിയിൽ ഹാജരാകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.