ജീവനക്കാര്‍ക്ക് കത്തയച്ച് ബൈജൂസ് ഉടമ; ശമ്പളം നല്‍കാന്‍ മലമറിക്കും പോലെ കഷ്ടപ്പെട്ടെന്ന് ബൈജു രവീന്ദ്രന്‍

ബെംഗളൂരു: പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിവരിച്ചുകൊണ്ട് ജീവിക്കാർക്ക് കത്തയച്ചു. ജനുവരിയിലെ ശമ്പളം വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ശമ്പളം നല്‍കിയതിനു ശേഷം തന്റ ജീവനക്കാരോട് നന്ദി പറഞ്ഞുകൊണ്ടാണ് ബൈജു രവീന്ദ്രന്‍ കത്തയച്ചിരിക്കുന്നത്.

ശമ്പളം നല്‍കാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും പ്രതിസന്ധി കാലത്ത് കൂടെ പിടിച്ചുനിന്നതിന് നന്ദിയുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഓരോ മാസവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ബൈജൂസ് 70 കോടി രൂപ ചെലവാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

“തിങ്കളാഴ്ചയോടെ ശമ്പളം കിട്ടുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നതായി എനിക്കറിയാം. ഞാന്‍ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. ഇനിയും കാത്തിരിക്കാന്‍ വിഷമമില്ലെന്ന് നിങ്ങളില്‍ പലരും എനിക്ക് എഴുതി. പക്ഷേ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നില്ല. ശമ്പളം നല്‍കാന്‍ മാസങ്ങളായി ഞാന്‍ മലമറിക്കുന്നതു പോലെ കഷ്ടപ്പെടുകയാണ്. ഇക്കുറി ആ കഷ്ടപ്പാട് പതിവിലും വലുതായിരുന്നു. എല്ലാവരും ത്യാഗങ്ങളും വിട്ടുവീഴ്ചകളും നടത്തിയിട്ടുണ്ട്. എടുക്കാന്‍ ആഗ്രഹിക്കാത്ത പല തീരുമാനങ്ങളും വിഷമത്തോടെ എടുത്തിട്ടുണ്ട്. ഈ പോരാട്ടത്തില്‍ എല്ലാവരും അല്‍പ്പം ക്ഷീണിതരാണ്. പക്ഷേ ആരും പോരാട്ടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. കാരണം, നമ്മള്‍ വളര്‍ത്തിയ സംരംഭത്തില്‍ നമ്മള്‍ അഭിമാനിക്കുന്നുണ്ട്. ആത്മാഭിമാനം ഉള്ളപ്പോള്‍ മറ്റൊന്നും വേണ്ട,” കത്തില്‍ അദ്ദേഹം കുറിച്ചു.

ശമ്പളം നല്‍കാനായി ബൈജു രവീന്ദ്രന്‍ തന്റെ വീടുകള്‍ പണയംവച്ചുവെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലെ രണ്ടു കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം 2000 ജീവനക്കാരെ നേരത്തെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.

More Stories from this section

family-dental
witywide