ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അതിരുവിട്ടതോടെ രാജിവെച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്നലെ താത്ക്കാലികമായി ഇന്ത്യയില്‍ അഭയം തേടിയിരുന്നു. വൈകാതെ ഇവര്‍ യുകെയിലേക്ക് പോകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യയില്‍ എത്തുംമുമ്പ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ താത്കാലികമായി ഇന്ത്യയിലേക്ക് മാറാനുള്ള അനുമതി അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യ സഭയില്‍ വ്യക്തമാക്കി.
ബംഗ്ലാദേശ് അധികൃതരില്‍ നിന്ന് ഫ്‌ലൈറ്റ് ക്ലിയറന്‍സിനായും തങ്ങള്‍ക്ക് അഭ്യര്‍ത്ഥന ലഭിച്ചുവെന്നും ഇന്നലെ വൈകുന്നേരമാണ് അവര്‍ ഡല്‍ഹിയില്‍ എത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയിലായ ബംഗ്ലാദേശിലെ അധികാരികളുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബംഗ്ലാദേശിലെ ഇന്ത്യന്‍ സമൂഹവുമായി സര്‍ക്കാര്‍ നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ജയശങ്കര്‍ സഭയില്‍ പറഞ്ഞു. അവിടെ ഏകദേശം 19,000 ഇന്ത്യന്‍ പൗരന്മാരുണ്ട്, അതില്‍ 9,000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഹൈക്കമ്മീഷന്റെ ഉപദേശപ്രകാരം ജൂലൈ മാസത്തില്‍ തന്നെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്ത്യയിലേക്ക് മടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.