മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ശരീരം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

ന്യൂഡൽഹി: യു എസിലെ വാഹനാപകടത്തിൽ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ശരീരം മെയ് 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു. ഭൗതിക ദേഹം അമേരിക്കയിൽ നിന്ന് എത്തിക്കാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

അതേസമയം പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കും വരെ താത്കാലിക ഭരണ ചുമതല ഒൻപത് അംഗ ബിഷപ്പ് കൗൺസിലിന് നൽകാനും സിനഡ് തീരുമാനിച്ചു. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്‌കോപ്പയാകും ഒൻപത് അംഗ ബിഷപ്പ് കൗൺസിലിന് നേതൃത്വം വഹിക്കുക.

ചൊവ്വാഴ്ച ടെക്സാസിലെ ഗോസ്‍പൽ ഫോർ ഏഷ്യ ആസ്ഥാനത്തിന് പുറത്തെ ഗ്രാമീണറോഡിൽ പ്രഭാത നടത്തിന് ഇറങ്ങിയപ്പോഴാണ് മെത്രാപ്പൊലീത്തയെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് സഭ പ്രതികരിച്ചു. മെത്രാപ്പൊലീത്തയുടെ ഭാര്യ ഗിസല്ലയും മക്കളായ ഡാനിയേൽ, സാറ എന്നിവരും അമേരിക്കയിൽ തന്നെയുണ്ട്.