ഇന്ത്യൻ മണ്ണിലും ഇംഗ്ലണ്ടിന്‍റെ ബാസ്ബാൾ, ഡക്കറ്റിന് മിന്നൽ സെഞ്ചുറി, ഇന്ത്യക്കെതിരെ ഇംഗ്ലിഷ് പടയുടെ തിരിച്ചടി

രാജ്കോട്ട്: ഇന്ത്യക്കെതിര മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഇം​ഗ്ലണ്ട് മുൻനിര ബാസ്ബാൾ ശൈലിയിൽ തകർത്തടിച്ചാണ് തുടങ്ങിയത്. ബെൻ ഡക്കറ്റിന് അതിവേഗ സെഞ്ചറിയുടെ കരുത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇം​ഗ്ലണ്ട് രണ്ടിന് 207 എന്ന നിലയിലാണ്.

സ്വതസിദ്ധമായ ബാസ്ബോൾ ശൈലിയിൽ തകർത്തടിച്ച ഡക്കറ്റ്, തന്റെ മൂന്നാം സെഞ്ചറിയാണ് കുറിച്ചത്. 88 പന്തിൽനിന്നാണ് ഡക്കറ്റിന്റെ സെഞ്ച്വറി നേ‌ട്ടം. 18 ഫോറും ഒരു സിക്സും സഹിതമായിരുന്നു നൂറിലെത്തിയത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കെതിരെ വേ​ഗമേറിയ മൂന്നാമത്തെ സെഞ്ചറിയാണ് ഇം​ഗ്ലീഷ് താരത്തിന്റേത്. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 445 റൺസിന് പുറത്തായിരുന്നു. എട്ടു വിക്കറ്റുകൾ കയ്യിലിരിക്കെ 238 റൺസ് പിന്നിലാണ് ഇം​ഗ്ലണ്ട്. ഡക്കറ്റ് 133 റൺസോടെയും ജോ റൂട്ട് (13 പന്തിൽ 9*) പുറത്താകാതെ നിൽക്കുന്നു. ഒലി പോപ് (39), ക്രൗളി (18) എന്നിവരാണ് പുറത്തായത്.

ക്രൗളിയുടെ വിക്കറ്റെടുത്ത അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 500ാം വിക്കറ്റ് ആഘോഷിച്ചു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളറായി അശ്വിൻ മാറി. 98–ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്.

രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ‌ക്കായി എട്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുയർത്തിയ അശ്വിൻ – ധ്രുവ് ജുറൽ സഖ്യമാണ് സ്കോർ 445ൽ എത്തിച്ചത്. ഇരുവരും 77 റൺസ് കൂട്ടിച്ചേർത്തു. ജുറൽ 104 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 46 റൺസെടുത്തും അശ്വിൻ 89 പന്തിൽ ആറു ഫോറുകളോടെ 37 റൺസെടുത്തും പുറത്തായി.

Ben duckett century helps England strong position against India

More Stories from this section

family-dental
witywide