
അലഹബാദ്: രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ല, ബ്രിട്ടീഷ് പൗരനാണെന്നും അതിനാൽ റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ലീഗൽ ന്യൂസ് പോർട്ടലായ ലൈവ് ലോയുടെ റിപ്പോർട്ടറോട് കോടതി മുറിയിൽ നിന്നും പുറത്തുപോകാൻ ജഡ്ജി ആവശ്യപ്പെട്ടത്. ജസ്റ്റിസ് മാതുർ ആണ് റിപ്പോർട്ടറോട് കോടതി മുറിയിൽ നിന്നും പുറത്തു പോയി അവിടെ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടത്.
“താങ്കൾ പുറത്തു പോയി അവിടെ നിന്ന് റിപ്പോർട്ട് ചെയ്യൂ,” എന്നാണ് ജസ്റ്റിസ് മാതുർ പറഞ്ഞത്. ഇങ്ങനെ പറയാൻ എന്താണ് കോടതിയെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കർണാടക സ്വദേശി എസ്. വിഘ്നേഷ് ശിശിർ ആണ് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നുമാണ് ഹർജിയില്‍ പറയുന്നത്. വിദേശ പൗരത്വം സംബന്ധിച്ച ആഭ്യന്തരകാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് വരെ അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ലാക്‌സഭാ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു. ബ്രിട്ടണിലെ എം/എസ് ബാക്കോപ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു രാഹുല്‍ ഗാന്ധിയെന്നും കമ്പനി രേഖകളില്‍ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നും ഹർജിക്കാരന്‍ പറഞ്ഞു.