അസാധാരണം! വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ബംഗാൾ ഗവർണർ, കാരണം ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു’

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗവർണറുടെ അസാധാരണ നീക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബംഗാൾ വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവർണർ സി വി ആനന്ദബോസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാളിലെ പ്രമുഖ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ബ്രത്യ ബസു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബോധപൂർവ്വം ലംഘിച്ചെന്നാണ് ഗവർണറുടെ കണ്ടെത്തൽ. ഗൂർ ബംഗ സർവകലാശാലയിൽ രാഷ്ട്രീയ കക്ഷി നേതാക്കളുമായി മന്ത്രി ബ്രത്യ ബസു നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനോട് നടപടിയെടുക്കാൻ ഗവർണർ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ഇക്കഴിഞ്ഞ മാർച്ച് 30 ന് മന്ത്രി ബ്രത്യ ബസുവിന്‍റെ നേതൃത്വത്തിൽ എം പിമാരും എം എൽ എമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗം സർവകലാശാലയിൽ നടന്നിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിക്കെതിരെ സർക്കാരിനോട് ഗവർണർ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ മമത ബാനർജി സർക്കാർ പ്രതികരിച്ചിട്ടില്ല.

Bengal Governor asks state to remove Education Minister for poll code violation