ശ്രീലേഖ മിത്രയുടെ പരാതിയിൽ രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും; നടിയുടെ മൊഴി രേഖപ്പെടുത്തും

തിരുവന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടൻ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോ​​ഗവും ഇന്ന് ചേരും.

എറണാകുളം നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.

ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പു പ്രകാരമാണു രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കും കോട്ടം വരുത്തും വിധമുള്ള അക്രമത്തിനും ക്രിമിനൽ ബലപ്രയോഗത്തിനും എതിരെയുള്ള വകുപ്പാണിത്.

‘പാലേരി മാണിക്യം’ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താൽപര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി.

More Stories from this section

family-dental
witywide