വെള്ളമില്ലാതെ നെട്ടോട്ടമോടി ബംഗളൂരു ; പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ ജലക്ഷാമം നേരിടുന്നതായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ബംഗളൂരു നഗരത്തെ വരിഞ്ഞുമുറുക്കി അതിരൂക്ഷമായ കുടിവെള്ളക്ഷാമം. നിലവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ക്ഷാമം നേരിടുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2,600 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ദിവസേന വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ബംഗളൂരുവിലെ 14,000 കുഴല്‍ക്കിണറുകളില്‍ 6,900 എണ്ണവും വറ്റിയെന്നും സിദ്ധരാമയ്യ.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ബംഗളൂരുവിന് 2,600 ദശലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഇതില്‍ 1,470 ദശലക്ഷം ലിറ്റര്‍ കാവേരി നദിയില്‍ നിന്നും 650 ദശലക്ഷം ലിറ്റര്‍ കുഴല്‍ക്കിണറുകളില്‍ നിന്നും വരുന്നുണ്ടെന്നും ഏകദേശം 500 ദശലക്ഷംലിറ്ററിന്റെ കുറവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചേരികളിലും കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വെള്ളം എത്തിക്കാന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വാട്ടര്‍ ടാങ്കറുകളും ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ബംഗളൂരുവിലെ 60 ശതമാനം ആളുകളും ടാങ്കര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നത് കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് നിരോധിച്ചിരിക്കുകയാണ്.