തള്ളിയോ കണ്ണ്! ക്രിസ്മസ് ‘കുടി’യിൽ സ്വന്തം റെക്കോർഡ് തകർത്ത് കേരളത്തിന്‍റെ കുതിപ്പ്, കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിയുടെ വർധനവ്

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25 നും തലേദിവസമായ 24 നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വര്‍ധനവും കൂടുതൽ തുകയ്ക്കുള്ള മദ്യവിൽപനക്ക് കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 25 ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയിൽ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

More Stories from this section

family-dental
witywide