ന്യൂഡല്‍ഹി: ഏഴു കുട്ടികളും നിരവധി സ്ത്രീകളും അടക്കം 130 ലധികം പേരുടെ ജീവനെടുത്ത ഹാഥ്‌റസ് ദുരന്തം അവശേഷിപ്പിക്കുന്നത് നിരവധി ചോദ്യങ്ങളാണ്. അക്കൂട്ടത്തില്‍ ഉയര്‍ന്ന വലിയൊരു ചോദ്യമായിരുന്നു ആരാണ് ഭോലെ ബാബ എന്ന്.
സ്വയം പ്രഖ്യാപിത ആള്‍ ദൈവമായി വളര്‍ന്ന നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഹാഥ്‌റസ് ദുരന്തഭൂമിയായി മാറിയത്. താന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പലപ്പോഴും അവകാശപ്പെട്ടിരുന്ന ആളായിരുന്നു നാരായണ്‍ സാകര്‍ ഹരി. താന്‍ ജോലി ചെയ്യുമ്പോഴും ആത്മീയതയിലേക്ക് ചായ്വുണ്ടായിരുന്നുവെന്നും 1990 കളില്‍ ആത്മീയ പാത പിന്തുടരുന്നതിനായി രാജിവച്ചിരുന്നുവെന്നും അയാള്‍ പലപ്പോഴും തന്റെ ഭക്തരോട് പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂര്‍ നഗരി ഗ്രാമത്തില്‍ ഒരു കര്‍ഷകനായ നന്നേ ലാലിന്റെയും കടോരി ദേവിയുടെയും മകനായി ജനിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ യഥാര്‍ത്ഥ പേര് സൂരജ് പാല്‍ എന്നാണ്. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരുണ്ടായിരുന്നു, അവരില്‍ ഒരാള്‍ മരണപ്പെട്ടു.
ഗ്രാമത്തില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി ഇയാള്‍ യുപി പൊലീസിന്റെ ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. കോളേജ് പഠനത്തിന് ശേഷം താന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയെന്നും അവിടെയുള്ള കാലത്ത് ആത്മീയതയിലേക്ക് തിരിഞ്ഞുവെന്നും ഇയാള്‍ പിന്നീട് അവകാശപ്പെട്ടു. 1999-ല്‍ പൊലീസ് ജോലി ഉപേക്ഷിച്ച ഇയാള്‍ പിന്നീട് സൂരജ് പാല്‍ എന്ന പേര് മാറ്റി നാരായണ്‍ സാകര്‍ ഹരി എന്നാക്കി. മെല്ലെ മെല്ലെ ആത്മീയതയിലേക്ക് കടന്നുവന്ന ഇയാള്‍ക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഗണ്യമായ അനുയായികളുണ്ട്. ഹരിയുടെ ശിഷ്യനെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കാറ്.
അതേസമയം, സാധാരണ ആള്‍ ദൈവങ്ങള്‍ ധരിക്കുന്നതുപോലെ കാവി വസ്ത്രമല്ല ഇയാളുടെ വേഷം. വെള്ള സ്യൂട്ടും ടൈയും അല്ലെങ്കില്‍ കുര്‍ത്ത-പൈജാമ ഒക്കെയാണ് ഇഷ്ടപ്പെട്ട വസ്ത്രം.
തനിക്ക് ലഭിക്കുന്ന സംഭാവനകളില്‍ നിന്ന് ഒരു തുകപോലും സൂക്ഷിക്കാറില്ലെന്നും എല്ലാം തന്റെ ഭക്തര്‍ക്കായി ചെലവഴിക്കുന്നുവെന്നും അയാള്‍ തന്റെ പ്രസംഗങ്ങളില്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ഭാര്യ പ്രേം ബതിയും സദാ ഭോലെ ബാബയെ അനുഗമിക്കും.
ഹാഥ്‌റസില്‍ ചൊവ്വാഴ്ച നടത്തിയ പ്രാര്‍ത്ഥനയ്ക്കും അനുബന്ധ പരിപാടിക്കുമിടയിലാണ് 130 ഓളം പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തമുണ്ടാകുന്നത്. പരിപാടി നടന്ന സ്ഥലം വളരെ ചെറുതായതിനാല്‍ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ തിരക്കിനെ ഉള്‍ക്കൊള്ളാനായില്ല. ബാബയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ശേഖരിക്കാന്‍ കുനിഞ്ഞവര്‍ തിരക്കില്‍പ്പെടുകയും പിന്നീട് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ പിടഞ്ഞു മരിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നീക്കം നടത്തുമ്പോള്‍ ഭോലെ ബാബ ഒളിവില്‍ പോയിരിക്കുകയാണ്.