ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ ദാരുണമായ ദുരന്തത്തില്‍ കേസെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ദുരന്തത്തിനിടയാക്കിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇല്ലെന്നാണ് വിവരം.
നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ അടുത്ത സഹായിക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, എഫ്‌ഐആറില്‍ ഭോലെ ബാബയെ പ്രതിയായി പരാമര്‍ശിച്ചിട്ടില്ല. ഭോലെ ബാബ നടത്തിയ സത്സംഗത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത സമയത്താണ് ദുരന്തമുണ്ടായത്.
തിരക്ക് കൂടുതലായിരുന്നുവെന്നും രണ്ടരലക്ഷം വരുന്ന ഭക്തജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ചെറുതായിരുന്നു സത്സംഗ വേദിയെന്നും അധികൃതര്‍ പറഞ്ഞു. 80,000 പേര്‍ക്കായിരുന്നു അനുമതി നല്‍കിയതെന്നും രണ്ടര ലക്ഷത്തിലധികം ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
പരിപാടി അവസാനിച്ച് ബാബ മടങ്ങിയപ്പോള്‍ കുറച്ചുപേര്‍ പുറത്തുകടക്കാന്‍ ശ്രമിക്കുകയും മറ്റ് ചിലര്‍ ബാബ നടന്ന മണ്ണ് ശേഖരിക്കാന്‍ എതിര്‍ദിശയിലേക്ക് നീങ്ങിയതോടെയുമാണ് വലിയ ദുരന്തത്തിലേക്ക് കലാശിച്ചത്.
മാത്രമല്ല, ബാബയുടെ കാറിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടത്തെ സംഘാടക സമിതി വടികളുമായി ബലമായി തടഞ്ഞതും അപകടത്തിലേക്ക് നയിച്ചു. ഇതും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.