വാഷിംഗ്ടൺ: ജൂൺ 27 എന്ന ദിനം തൻ്റെ ജീവിതത്തിൽ ഇല്ലായിരുന്നുവെങ്കിൽ എന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവും. കാരണം അന്നാണ് അറ്റ്ലാൻ്റയിലെ സിഎൻഎൻ സ്റ്റുഡിയോയിൽ ബൈഡൻ -ട്രംപ് സംവാദം നടന്നതും ബൈഡൻ അതിൽ ദയനീയമായി പരാജയപ്പെട്ടതും. ഒറ്റ ഡിബേറ്റ് പ്രകടനം കൊണ്ട് ബൈഡൻ വർഷങ്ങളായി പടുത്തുയർത്തിയ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ നല്ല എപ്പിസോഡുകളും അവസാനിച്ചിരിക്കെ, ഇനി എന്ത് എന്ന് ഉറ്റു നോക്കുകയാണ് അമേരിക്ക. ദൈവം തമ്പുരാൻ നേരിട്ട് വന്ന് പറഞ്ഞാൽ മാത്രമേ താൻ മൽസരത്തിൽ നിന്ന് പിന്മാറൂ എന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നെങ്കിലും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തിനു മേൽ സമ്മർദം ഏറുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളും സഭാ സ്പീക്കറുമായിരുന്ന നാൻസി പെലോസിയും ബൈഡൻ പിന്മാറണം എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ്. എംഎസ്എൻബിസിക്കു നൽകിയ അഭിമുഖത്തിൽ ബൈഡൻ മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് കൃത്യമായി പറയാൻ അവർ വിസമ്മതിച്ചു. എല്ലാം തീരുമാനിക്കേണ്ടത് പ്രസിഡൻ്റാണെന്നും , സമയം പോകും മുമ്പ് തീരുമാനമെടുക്കണമെന്നും അവർ പറഞ്ഞു.
യുഎസ് ജനപ്രതിനിധി സഭയിലെ 9 ഡെമോക്രാറ്റ് പ്രതിനിധികളും ഒരു സെനറ്ററും പരസ്യമായി ബൈഡൻ മാറണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കടുത്ത മൽസരം പ്രതീക്ഷിച്ചിരുന്ന പല സംസ്ഥാനങ്ങളിലും ട്രംപിനു മുൻ തൂക്കം ലഭിക്കുന്ന അവസ്ഥയുണ്ടെന്നാണ് ഇവരുടെ വാദം. ജനങ്ങളോട് ഇടപഴകുന്നത് തങ്ങളാണെന്നും സംവാദം നടന്ന് ഉടൻ തന്നെ ഒട്ടനവധി ആളുകൾ തങ്ങളെ വിളിച്ച് അവരുടെ ആശങ്ക അറിയിച്ചെന്നും ഹൌസ് പ്രതിനിധികൾ വ്യക്തമാക്കുന്നു. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോളാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഏറ്റവും വലിയ അടുപ്പക്കാരനും ഫണ്ട് റെയ്സറുമായ നടൻ ജോർജ് ക്ളൂണിയുടെ വാക്കുകൾ തീ മഴ പോലെ ബൈഡനു മേൽ പതിച്ചത്.
‘എനിക്കു ബൈഡനെ ഇഷ്ടമാണ്.പക്ഷേ പ്രസിഡൻ്റ് സ്ഥാനാർഥിയാകാൻ മറ്റൊരാളെ കണ്ടെത്തണം’ എന്നായിരുന്നു ക്ളൂണിയുടെ ലേഖനത്തിലെ വാക്കുകൾ. മൂന്ന് ആഴ്ച മുമ്പ് ഒരു ഫണ്ട് റെയ്സിങ് ഇവൻ്റിൽ ഞാൻ കണ്ട ജോ ബൈഡൻ 2010ലെ ജോ ബൈഡൻ അല്ല, എന്തിന് 2020ലെ ജോ ബൈഡൻ പോലും അല്ല. അദ്ദേഹം തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണം – ജോർജ് ക്ളൂണി ആവശ്യപ്പെട്ടു. തൊട്ടു പിന്നാലെ മറ്റൊരു താരം റോബ് റെയ്നറും ബൈഡൻ പിന്മാറണം എന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നു. ഇക്കണക്കിനാണെങ്കിൽ മൃഗീയ ഭൂരിപക്ഷത്തിൽ ട്രംപ് ജയിക്കുമെന്ന് ഡെമോക്രാറ്റുകൾ ഭയപ്പെടുന്നു. സിഎൻഎൻ നടത്തിയ ഒരു സർവേ അനുസരിച്ച് ട്രംപിൻ്റെ ജനപ്രീതിയും വിജയ സാധ്യതയും വളരെ കൂടി. നേരത്തെ ഇത് ഒപ്പത്തിനൊപ്പം ആയിരുന്നു എങ്കിൽ ഇപ്പോൾ ട്രംപിനെക്കാൾ 5 ശതമാനത്തിനു പിന്നിലായി ബൈഡൻ.
എന്തു ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇത്തരം സംഭവം വിരളം. 4 മാസം അപ്പുറം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ അഭിപ്രായത്തിൽ എത്താൻ കഴിയാതെ ഡെമോക്രാറ്റിക് പാർട്ടി വലയുകയാണ്. ബൈഡൻ മാറുമോ, എങ്കിൽ ആരായിരിക്കും പകരം വരിക, ഇനിയുള്ള കാലം കൊണ്ട് അവർക്ക് ക്യാംപെയ്നിൽ നേട്ടം കൊയ്യാനാകുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ അവരുടെ മുന്നിലുണ്ട്. എന്തായാലും ധനസമാഹരണ പരിപാടികൾ ഏതാണ്ട് നിലച്ച മട്ടാണ്. അതും പാർട്ടിയെ വെട്ടിലാക്കുകയാണ്. ഈ അവസരം മുതലാക്കി ട്രംപ് അതിദൂരം മുന്നേറുകയുമാണ്.
Biden allies Nancy Pelosi and actor Clooney ask Biden to quit