വൈറ്റ്ഹൗസിൽ നിന്നും അറിയിപ്പ് എത്തി, പ്രസിഡന്റ് ബൈഡനും നിയുക്ത പ്രസിഡന്റ് ട്രംപും തമ്മിൽ കൂടിക്കാഴ്ച്ച ബുധനാഴ്ച്ച

ന്യൂയോർക്ക്‌: നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഓവൽ ഓഫീസിൽ പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. പ്രസിഡൻ്റ് ബൈഡൻ്റെ ക്ഷണപ്രകാരം ഇരുവരും രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പ്രസ്താവനയിൽ പറഞ്ഞു, കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.

പ്രഥമ വനിത ജിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ അടുത്ത പ്രഥമ വനിതയാകാനിരിക്കുന്ന മെലാനിയ ട്രംപിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അധികാര കൈമാറ്റത്തിനു മുന്നോടിയായി നിലവിലെ പ്രസിഡന്റും നിയുക്ത പ്രസിഡന്റും തമ്മില്‍ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നത് സാധാരണമാണ്. നാല് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ പരാജയപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ട്രംപ്. അന്ന് പരാജയം സമ്മതിക്കാതെ, അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. അത് 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിലാണ് ഒടുവില്‍ കലാശിച്ചത്. അന്ന് അധികാര കൈമാറ്റത്തിനുമുമ്പ് ബൈഡനെ പ്രസിഡന്റായിരുന്ന ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാതെ പതിവു തെറ്റിച്ചിരുന്നു. എന്നാൽ ബൈഡൻ പതിവ് തുടരാൻ തീരുമാനിക്കുകയായിരുന്നു.

More Stories from this section

family-dental
witywide