യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ടെലഫോണിൽ ചർച്ച നടത്തി. നവംബറിൽ കാലിഫോർണിയയിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് ശേഷമുള്ള ആദ്യ ചർച്ചയായിരുന്നു ഇത്.
വ്യക്തവും ക്രിയാത്മകവും എന്നാണ് വൈറ്റ് ഹൗസ് ചർച്ചയെ വിശേഷിപ്പിച്ചത്. ഗാസയിലും ഉക്രെയ്‌നിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ഉത്തരകൊറിയയുടെ ആണവശേഷിയെക്കുറിച്ചുള്ള ആശങ്കകളും ഉൾപ്പെടെ ആഗോള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നത്.
തായ്‌വാൻ, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ പരാമർശിച്ചു. തായ്‌വാൻ കടലിടുക്കിലുടനീളം സമാധാനം നിലനിർത്തേണ്ടതിൻ്റെ ആവശ്യവും ദക്ഷിണ ചൈനാ കടലിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും ഉൾപ്പെടെ നിരവധി ആശങ്കകൾ ബൈഡൻ ഉന്നയിച്ചു.
റഷ്യയുടെ പ്രതിരോധ-വ്യാവസായിക അടിത്തറയ്ക്കുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു,
കൊറിയൻ ഉപദ്വീപിൻ്റെ സമ്പൂർണ്ണ ആണവ നിരായുധീകരണത്തിനുള്ള അമേരിക്കയുടെ പ്രതിബദ്ധത ബൈഡൻ ആവർത്തിക്കുകയും ചൈനയുടെ വ്യാപാര നയങ്ങളെക്കുറിച്ചും വിപണി ഇതര സാമ്പത്തിക രീതികളെക്കുറിച്ചും ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു.
യുഎസിൽ ടിക് ടോക്ക് ഉയർത്തുന്ന ആശങ്കകളേയും അദ്ദേഹം അഭിസംബോധന ചെയ്തു, യുണൈറ്റഡ് സ്റ്റേറ്റ്‌സിൻ്റെ താൽപ്പര്യം ആപ്ലിക്കേഷൻ നിരോധിക്കുന്നതിലല്ല, മറിച്ച് ദേശീയ സുരക്ഷാ താൽപ്പര്യങ്ങളും അമേരിക്കൻ ജനതയുടെ ഡേറ്റ സുരക്ഷയും ഉറപ്പാക്കലാണെന്നും ബൈഡൻ വ്യക്തമാക്കി.
തുറന്ന ആശയവിനിമയത്തിൻ്റെ സാധ്യതകൾ നിലനിർത്തുന്നതിനും ഉയർന്ന തലത്തിലുള്ള നയതന്ത്രത്തിലൂടെയും കൂടിയാലോചനകളിലൂടെയും ഉഭയകക്ഷി ബന്ധം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ചൈനാ സന്ദർശനം നടത്തും.
Biden and Xi Discuss Taiwan, TikTok