ഫ്ലോറിഡ: യു എസ് സ്റ്റേറ്റായ ഫ്ലോറിഡയിലെ റ്റാമ്പ ബേയെ ലക്ഷ്യം വെച്ചെത്തുന്ന മിൽട്ടൻ കൊടുങ്കാറ്റ് മണിക്കൂറുകൾക്കകം കരതൊട്ടേക്കും. ബുധനാഴ്ച പ്രാദേശിക സമയം രാത്രിയോ വ്യാഴാഴ്ച പുലർച്ചെയോ കൊടുങ്കാറ്റ് കരതൊടുമെന്നാണ് നാഷണൽ ഹ്യൂരികെയിൻ സെൻ്ററിൻ്റെ കണക്കുകൂട്ടൽ. വ്യാഴാഴ്ച പുലർച്ചെ പ്രദേശിക സമയം രണ്ട് മണിക്കുള്ളിൽ കൊടുങ്കാറ്റ് ഫ്ലോറിഡ തൊടുമെന്നാണ് പ്രവചനം. 30 ലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന റ്റാമ്പ നഗരത്തിലേക്കാണ് മിൽട്ടൻ ആഞ്ഞടിക്കുക. പേമാരി, വെള്ളപ്പൊക്കം, അതിശക്തമായ കാറ്റ് എന്നീ പ്രതിഭാസങ്ങൾ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ ഏജൻസികളുടെ മുന്നറിയിപ്പ്. കൊടുങ്കാറ്റ് മാരകവും വിനാശകരവുമാണെന്ന് യുഎസ് ഫെഡറൽ എമർജൻസി മാനേജ്മെൻ്റ് ഏജൻസി ചൂണ്ടിക്കാട്ടി.
ഫ്ലോറിഡയിൽ രണ്ടാഴ്ച മുൻപ് കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കാറ്റിന് പിന്നാലെയാണ് മിൽട്ടൻ്റെ വരവ്. നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും സാധ്യതയുള്ള കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്ന മിൽട്ടൻ കൊടുങ്കാറ്റിൻ്റെ വേഗത മണിക്കൂറിൽ 270 കിലോമീറ്റർ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. 38 സെൻ്റിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും തീരദേശ മേഖലകളിൽ മഴ 3 മുതൽ 4.5 മീറ്റർ വരെ ഉയർന്നേക്കാമെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ട്രംപിനും വിലക്കയറ്റത്തിനും ബൈഡൻ്റെ താക്കീത്
മിൽട്ടൺ ചുഴലിക്കാറ്റ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി ട്രംപിനും വിലക്കയറ്റമുണ്ടാക്കാനുള്ള നീക്കങ്ങൾക്കും ബൈഡൻ താക്കീത് നൽകിയിട്ടുണ്ട്. മിൽട്ടൺ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും അസത്യങ്ങളും പ്രചരിക്കുന്നുവെന്നാണ് ട്രംപിനെ, പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ വിമർശിച്ചത്. ഈ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഡൊണാൾഡ് ട്രംപും പാർട്ടിയും നിരുത്തരവാദപരവുമായ പെരുമാറ്റമാണ് കാണിക്കുന്നതെന്നാണ് ബൈഡൻ വിമർശിച്ചത്. പെട്രോൾ, ഫ്ലൈറ്റുകൾ തുടങ്ങിയ അവശ്യ ചരക്കുകളും സേവനങ്ങളിലും വിലക്കയറ്റമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നുംബൈഡൻ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
മിൽട്ടനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി ബൈഡൻ
അതേസമയം മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി പരത്തുന്ന അമേരിക്കയില്‍ ഇതിനകം 60 ലക്ഷം പേരെ കുടിയൊഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മില്‍ട്ടണ്‍ കൊടുങ്കാറ്റ് ന്യൂ മെക്‌സിക്കോയും കടന്ന് ഫ്ലോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മിൽട്ടനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രസിഡന്റ് ബൈഡനടക്കമുള്ളവർ വിലയിരുത്തിയിട്ടുണ്ട്.