വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും അവിടുത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശങ്ക പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ്.
കഴിഞ്ഞയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ബൈഡനും മോദിയും ബംഗ്ലാദേശിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
ടെലിഫോണ്‍ സംഭാഷണത്തിനിടെ ബംഗ്ലാദേശ് വിഷയം ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി മോദിയുടെ എക്സ് പോസ്റ്റിലും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലും പരാമര്‍ശിച്ചിട്ടുമുണ്ട്. ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ഇരു നേതാക്കളും ആശങ്ക പങ്കുവെച്ചുവെന്നും. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ, സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.