മോദി പുടിനെ കണ്ടപ്പോള്‍; ബൈഡന്‍ സെലന്‍സ്‌കിയെ കാണുന്നു, കൂടിക്കാഴ്ച നാറ്റോ ഉച്ചകോടിയില്‍

വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശത്തില്‍ തളര്‍ന്ന യുക്രെയ്‌ന് പൂര്‍ണ പിന്തുണ പ്രകടിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ കാണും.

വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന നാറ്റോയുടെ 75-ാം വാര്‍ഷിക ഉച്ചകോടിയില്‍ വെച്ച് സെലെന്‍സ്‌കിയെ കാണുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി ചൊവ്വാഴ്ച അറിയിച്ചു.

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി പുടിനെ കണ്ടത്. യുക്രെനിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. മോദി റഷ്യയില്‍ എത്തിയപ്പോള്‍ യുക്രെയ്ന്‍ മാരകമായി ആക്രമിക്കപ്പെട്ടതും 37 പേരുടെ മരണത്തിനിടയാക്കിയ സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു സെലെന്‍സ്‌കി നിരാശ പങ്കുവെച്ചത്.