ഹമാസ് മോചിപ്പിച്ച ആദ്യ അമേരിക്കന്‍ ബന്ദി നാലുവയസുകാരി അബിഗെയ്ല്‍ എഡാനെക്കണ്ട് ബൈഡന്‍

വാഷിംഗ്ടണ്‍: ഹമാസ് ആക്രമണം നടത്തിയ ഒക്ടോബര്‍ 7 ഇസ്രയേലിന് ഒരു കറുത്ത ദിനമാണ് സമ്മാനിച്ചതെങ്കില്‍ പിന്നീടിങ്ങോട്ടുള്ള ആറുമാസങ്ങളായി പ്രതികാരയുദ്ധത്തിനിറങ്ങിയ ഇസ്രയേല്‍ ഹമാസ് കേന്ദ്രമായ ഗാസയ്ക്ക് കറുത്ത ദിനങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്.

ഇസ്രയേലില്‍ നിന്നും ആക്രമണത്തിനുശേഷം 250 ഓളം ആളുകളെയാണ് ഹമാസ് ബന്ദികളാക്കിയത്. അവരില്‍ മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ അമേരിക്കന്‍-ഇസ്രയേല്‍ ഇരട്ട പൗരത്വമുള്ള നാലുവയസുകാരി അബിഗെയ്ല്‍ മോര്‍ എഡാന്‍ എന്നൊരു കുട്ടിയും ഉണ്ടായിരുന്നു. രാജ്യാന്തര തലത്തില്‍ വലിയൊരു ചര്‍ച്ചയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുമായി അബിഗെയ്‌ലിനായി ബന്ധുക്കള്‍ കാത്തിരിക്കുകയായിരുന്നു. അബിഗെയ്‌ലിന്റെ മാതാപിതാക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു എന്നത് വളരെ വേദനാജനകമായിരുന്നു. ബന്ദി മോചനത്തിനായി ഖത്തറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ നവംബറില്‍ വെടിനിര്‍ത്തല്‍ കരാറിനുശേഷം ഏഴ് ആഴ്ചകളോളം ഗാസയില്‍ ബന്ദിയാക്കപ്പെട്ട കുട്ടിയെ ഉള്‍പ്പെടെ 25 ബന്ദികളെ മോചിപ്പിച്ചു.

ഇപ്പോഴിതാ കുട്ടിയുമായി സന്ദര്‍ശനം നടത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ചയാണ്‌ കൂടിക്കാഴ്ച നടത്തിയത്. ഹമാസ് ബന്ദികളാക്കിയതിനെത്തുടര്‍ന്ന് ഇപ്പോഴും ഗാസയില്‍ തടവിലാണെന്ന് വിശ്വസിക്കപ്പെടുന്ന ഡസന്‍ കണക്കിന് ആളുകളുടെ മോചനം നേടിയെടുക്കാനുള്ള ”ഇനിയും ചെയ്യേണ്ട ജോലിയുടെ ഓര്‍മ്മപ്പെടുത്തലാണ്” അബിഗെയ്ലും കുടുംബവുമായുള്ള കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തില്‍ പലസ്തീന്‍ തടവുകാര്‍ക്ക് ബന്ദികളെ കൈമാറുന്നതിനുള്ള ഇസ്രായേലുമായുള്ള കരാറിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ച ആദ്യത്തെ യുഎസ് ബന്ദികൂടിയാണ് ഈ പെണ്‍കുട്ടി.

അമേരിക്കക്കാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണെന്നത് അബിഗെയ്‌ലിനെ കാണുമ്പോഴുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്നും അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പെണ്‍കുട്ടിയുമായും കുടുംബവുമായുള്ള ബൈഡന്റെ മീറ്റിംഗില്‍ പങ്കെടുത്ത സള്ളിവന്‍ പറഞ്ഞു.

ഹമാസിന്റെ പിടിയില്‍ ഇപ്പോഴും നൂറോളം പേര്‍ ബന്ദികളായിട്ടുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു.

നവംബറില്‍ മോചിപ്പിക്കപ്പെട്ട ഉടന്‍ തന്നെ ബൈഡന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായാണ്. അബിഗെയ്ലിന്റെ രണ്ട് സഹോദരങ്ങളും മാതാപിതാക്കളും ഒക്ടോബര്‍ 7-ന് കൊല്ലപ്പെട്ടിരുന്നു. ആ ആഘാതത്തോടുകൂടിയാണ് കുട്ടി ഇപ്പോഴും ജീവിക്കുന്നതെന്നും, എന്നാല്‍ ഇത് സന്തോഷത്തിന്റെ ഒരു നിമിഷമായിരുന്നു, കാരണം അവളെ സുരക്ഷിതമായി അവളുടെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നും സള്ളിവന്‍ പറഞ്ഞു.