റഷ്യൻ മണ്ണിൽ യുഎസ് ആയുധങ്ങള്‍ ഉപയോഗിക്കാം; യുക്രെയ്‌ന് അനുമതി നല്‍കി ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ അതിർത്തിക്കുള്ളിൽ ആക്രമണം നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. യുക്രെയിനിൽനിന്ന് ആയുധങ്ങൾ തൊടുത്തുവിടുകയല്ലാതെ റഷ്യയുടെ മണ്ണിൽ യുഎസ് ആയുധങ്ങൾ ഉപയോഗിക്കാൻ യുഎസ് അനുവദിച്ചിരുന്നില്ല. ആ നിരോധനമാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.

അതേസമയം, റഷ്യയ്ക്കുള്ളില്‍ അമേരിക്കന്‍ ആയുധം ഉപയോഗിച്ച് ആക്രമണം നടത്താന്‍ പൂര്‍ണ അനുമതിയല്ല ഭാഗീകമായ അനുമതിയാണ് ബൈഡന്‍ നല്‍കിയിട്ടുള്ളത്. അമേരിക്ക നല്‍കുന്ന ലോംഗ് റേഞ്ച് മിസൈലുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിക്കരുതെന്ന് യുക്രെയ്‌നിനോട് ആവശ്യപ്പെടുന്ന യുഎസ് നയം മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

റഷ്യയില്‍ നിന്ന് ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ തങ്ങളുടെ സേനയെ അനുവദിക്കണമെന്ന് യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവ് റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ (12 മൈല്‍) മാത്രം അകലെയാണ്. ഖാര്‍കിവിനെതിരായ റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ പുതിയ നിലപാട് യുക്രയ്നെനെ സഹായിക്കും.