വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന കമല ഹാരിസിനെ പ്രകീര്‍ത്തിച്ച് ജോ ബൈഡന്‍. തങ്ങളുണ്ടാക്കിയ എല്ലാ വിജയത്തിലും തനിക്ക് മികച്ച പങ്കാളിയെ ലഭിച്ചെന്നും കമല മികച്ച പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. മാരിലാന്റിലെ മാല്‍ബൊറോയില്‍ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് ബൈഡനും നിലവിലെ സ്ഥാനാര്‍ത്ഥിയായ കമല ഹാരിസും ഒരുമിച്ച് വേദി പങ്കിടുന്നത്.
ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന പത്ത് മരുന്നുകളുടെ വില കുറയ്ക്കുമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയത്തെ ആഘോഷിക്കുന്നത് കൂടിയായിരുന്നു പരിപാടി. നയപ്രഖ്യാപനത്തേക്കാള്‍ തന്റെ വൈസ് പ്രസിഡന്റിനെ പുകഴ്ത്താനായിരുന്നു ബൈഡന്‍ വേദിയെ ഉപയോഗിച്ചത്. മാല്‍ബൊറോയില്‍ നടന്ന പരിപാടിയില്‍ 2300ഓളം പേരാണ് പങ്കെടുത്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
പ്രസിഡനറ് സ്ഥാനാർത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും ബൈഡന്‍ പരാമർശിച്ചു. ‘എനിക്ക് 40 വയസ് പ്രായം മാത്രമേ തോന്നിക്കുകയുള്ളുവെന്ന് എനിക്ക് അറിയാം. ഒരുപാട് കാലം ഞാന്‍ യുവാവായിരുന്നു. ഇപ്പോള്‍ എനിക്ക് പ്രായമായി.’ നമ്മുടെ പ്രസിഡന്റിന്റെ സ്നേഹം ഈ മുറിയിലാകെ ലഭിക്കുന്നുണ്ടെന്നാണ് മറുപടി പ്രസംഗത്തിൽ ബൈഡനെ പ്രകീർത്തിച്ചുകൊണ്ട് കമല ഹാരിസ് പറഞ്ഞത്.
നവംബർ അഞ്ചിനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ട്രംപിനേക്കാള്‍ വിജയ സാധ്യത കമലയ്ക്കുണ്ടെന്നുള്ള പോളിങ് ഫലങ്ങളും പുറത്ത് വരുന്നുണ്ട്. അരിസോണ, മിച്ചിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ സ്ഥലങ്ങളില്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ പോളിങ് കമലയ്ക്കാണെന്ന് കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.