‘ലോകത്തിന് നല്ല ദിവസം’: യഹ്‌യ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ പ്രശംസിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍: ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ലോകത്തിന് ഒരു ‘നല്ല ദിവസമാണ്’ എന്നായിരുന്നു ബോഡന്റെ പ്രതികരണം. കൂടാതെ, ഗാസ വെടിനിര്‍ത്തലിനും ബന്ദി ഇടപാടിനും ഉണ്ടായിരുന്ന ഒരു പ്രധാന തടസ്സം ഇത് നീക്കിയെന്നും ബൈഡന്‍ വ്യക്തമാക്കി.

‘ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്,’ വാര്‍ത്ത പുറത്തുവന്നപ്പോള്‍ എയര്‍ഫോഴ്സ് വണ്ണില്‍ ജര്‍മ്മനിയിലേക്ക് യാത്ര ചെയ്ത ബൈഡന്‍ പ്രസ്താവനയിലൂടെയാണ് പ്രതികരണം അറിയിച്ചത്.

നെതന്യാഹുവിനെ അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഈ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള പാതതുറക്കാന്‍ താന്‍ ഉടന്‍ തന്നെ അദ്ദേഹവുമായി സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

2023 ഒക്ടോബര്‍ 7ലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രതികരിച്ചു.