വാഷിങ്ടൺ: അമേരിക്കൻ മാധ്യമപ്രവർത്തകൻ ബോബ് വുഡ്‍വാർഡിന്റെ പുതിയ പുസ്തകമായ ‘വാർ’ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങളുടെ വെളിപ്പെടുത്തൽ അടങ്ങിയതാണ് പുസ്തകം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനെയും മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെയും കുറിച്ചുള്ള ബൈഡന്‍റെ നിരവധി പരാമർശങ്ങൾ അടുങ്ങുന്നതാണ് പുസ്തകം.
ഇസ്രയേൽ പ്രധാനമന്ത്രിയുമായുള്ള അവിശ്വാസവും അസ്വാരസ്യവും പരസ്യമാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്‍റെ ഒരു ഭാഗത്ത് നെതന്യാഹുവിനെതിരെ ബൈഡൻ നടത്തിയ കടുത്ത ആരോപണങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. നെതന്യാഹുവിനെ ‘സൺ ഓഫ് എ ബിച്ച്’ എന്നും പെരുംനുണയനെന്നുമാണ് തന്റെ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ ബൈഡൻ വിശേഷിപ്പിക്കുന്നതെന്നാണ് പുസ്തകം പറയുന്നത്. 2024 ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിൽ ആക്രമണം കടുപ്പിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങളെന്നും പുസ്തകത്തിലുണ്ട്.
നെതന്യാഹുവിന് വേണ്ടി പ്രവർത്തിക്കുന്ന 19 ൽ 18 സഹായികളും പെരുംനുണയൻമാരാണെന്നും ബൈഡൻ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. ബൈഡനെ കൂടാതെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള മറ്റ് അമേരിക്കൻ നേതാക്കൾക്കും നെതന്യാഹുവിനോട് ഭിന്നതയുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഇരട്ടത്താപ്പും നെതന്യാഹുവിനെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്നും ‘വാർ’ പറയുന്നു. കമല ഹാരിസ് മറക്കു പിന്നിൽ നെതന്യാഹുവിനോട് സൗഹാർദത്തോടെ പെരുമാറി. എന്നാൽ പരസ്യമായി ഇസ്രായേലിനെ വിമർശിക്കുകയും ചെയ്തു. ജൂലൈയിൽ നടന്ന യോഗത്തിന് ശേഷമാണ് ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെ കമല ഹാരിസ് പരസ്യമായി വിമർശിച്ചത്. ഇതിൽ നെതന്യാഹു ക്ഷുഭിതനായിരുന്നുവെന്നും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. കമലയെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതിലും ഇസ്രായേലിന് എതിർപ്പുണ്ടെന്നും ‘വാർ’ വിവരിച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനെ ബൈഡന് തീരെ ഇഷ്ടമായിരുന്നില്ലെന്നും പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പുടിനെ വൃത്തികെട്ട മനുഷ്യനാണെന്നും പിശാചാണെന്നും പൈശാചികതയുടെ മൂർത്തീഭാവമാണെന്നുമാണ് ബൈഡന്‍റെ അഭിപ്രായമെന്നാണ് ‘വാർ’ വിവരിക്കുന്നത്. യുക്രെയ്നിൽ ആക്രമണം തുടങ്ങിയ റഷ്യൻ നടപടിക്ക് പിന്നാലെ ഓവൽ ഓഫിസിൽ ഉപദേഷ്ടാക്കളുമായി നടത്തിയ ചർച്ചയിൽ പുടിനെതിരെ ബൈഡൻ രൂക്ഷമായ അധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
മുൻ അമേരിക്കൻ പ്രസിഡന്‍റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായി ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റുമായുള്ള രഹസ്യ ഇടപാടുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളോടെയാണ് ‘വാർ’ ശ്രദ്ധനേടിയത്. കൊവിഡിന്റെ ആദ്യഘട്ടങ്ങളിൽ പുടിനു വേണ്ടി ട്രംപ് രഹസ്യമായി പരിശോധനാ യന്ത്രങ്ങൾ അയച്ചെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ടായിരുന്നു. അബോട് പോയിന്റ് ഓഫ് കെയർ കോവിഡ് ടെസ്റ്റ് മെഷീനുകളായിരുന്നു ഇതെന്നും വിവരിച്ചിരുന്നു. ഇക്കാര്യം പരസ്യമാക്കരുതെന്ന് പുടിൻ ട്രംപിനോട് നിർദേശിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറങ്ങിയ ശേഷവും ട്രംപ് ഇടയ്ക്കിടെ പുടിനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായിയെ ഉദ്ധരിച്ച് പുസ്തകത്തിൽ ബോബ് വുഡ്‌വാർഡ് വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ പുസ്തകത്തിലെ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു.