ഹമാസ് നേതാവ് യഹ്‌യ സിൻവാർ കൊല്ലപ്പെട്ടെങ്കിലും, പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം അവസാനിക്കാൻ സാധ്യതയില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേൽ നീക്കമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ പോരാടുന്ന ലെബനനിൽ വെടിനിർത്തലിന് വേണ്ടി പ്രവർത്തിക്കാനുള്ള സാധ്യത ഉണ്ടെന്ന് ജോ ബൈഡൻ പറഞ്ഞു.
ബെർലിനിൽ ജർമ്മൻ, ഫ്രഞ്ച്, ബ്രിട്ടീഷ് നേതാക്കളുമായി ചർച്ച നടത്തി തിരികെ പോരും മുമ്പാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. സിൻവാറിൻ്റെ മരണത്തോടെ ഗാസയിലെ യുദ്ധത്തിന് അന്ത്യമാകുമെന്ന് ചിലയിടങ്ങളിൽ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പങ്കുവച്ചിരുന്നു.
ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു
യഹിയ സിന്‍വാർ കൊല്ലപ്പെട്ടതോടെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഗാസയില്‍ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുംവരെ ബന്ദികളെ വിട്ടയക്കില്ലെന്നും വിഡിയോ സന്ദേശത്തിലൂടെ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചിരുന്നു.
അതിനിടെ, ഗാസ നഗരത്തിന് വടക്ക് ജനസാന്ദ്രതയേറിയ നഗരപ്രദേശമായ ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ സൈന്യം രണ്ടാഴ്ചയായി ഇവിടെ കനത്ത ആക്രമണം നടത്തുന്നുണ്ട്. പുതിയ സൈനിക ഗ്രൂപ്പ് അവിടെ എത്തിയിട്ടുണ്ട്.
Biden says end to war in Gaza not possible now