ഹമാസ് ഭീകരർ ബന്ദികളെ മോചിപ്പിച്ചാൽ ​ഗാസയിൽ ‘നാളെ’ വെടിനിർത്തൽ സാധ്യം: ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിൽ നിന്ന് ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചാൽ നാളെ ഉടൻ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ.

“ഹമാസ് ബന്ദികളെ വിട്ടയച്ചാൽ നാളെ വെടിനിർത്തൽ ഉണ്ടാകും,” സിയാറ്റിലിന് പുറത്ത്, മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവിൻ്റെ വീട്ടിൽ നടന്ന ഒരു ധനസമാഹരണ പരിപാടിയിൽ ബൈഡൻ പറഞ്ഞു.

“ഇത് ഹമാസിൻ്റെ തീരുമാനമാണെന്ന് ഇസ്രായേൽ പറഞ്ഞു, അവർക്ക് അത് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, നമുക്കിത് നാളെ അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെ ആരംഭിക്കും,” ബൈഡൻ നൂറോളം വരുന്ന ജനക്കൂട്ടത്തോട് പറഞ്ഞു.

ദക്ഷിണ ഗാസയിലെ റഫ നഗരം ആക്രമിച്ചാൽ പീരങ്കി ഷെല്ലുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നത് നിർത്തുമെന്ന് ബുധനാഴ്ച ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് യുഎസ് പ്രസിഡൻ്റ് ഈ വിഷയം ഉന്നയിച്ചത്. യുഎസ് നൽകിയ യുദ്ധ ഉപകരണങ്ങളുടെ ഫലമായുണ്ടായ മരണങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും ബൈഡൻ പറഞ്ഞു.

നിരവധി ചർച്ചകൾ ഉണ്ടായിട്ടും ഹമാസും ഇസ്രയേലും ഇതുവരെ വെടിനിർത്തൽ കരാറിൽ എത്തിയിട്ടില്ല. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഹ​മാസ് ​ഗാസയിൽ നിന്നും 250-ഓളം പേരെ തട്ടിക്കൊണ്ടുപോയത്. ഇതിൽ 36 പേരെ വധിച്ചു.