2022 ജൂണിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, നേരത്തെ കിടുന്നുറങ്ങാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജർമ്മൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മീറ്റിംഗ് വൈകുന്നേരമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീടാകാമെന്ന് പറഞ്ഞ് ബൈഡൻ ഒഴിവാക്കി. പ്രസിഡന്റ് ക്ഷീണിതനാണെന്ന കാര്യം ജർമ്മൻ ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ച് ആശങ്കകൾ പടരുന്നതിനിടെയാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്.
ഡൊണാൾഡ് ട്രംപിനെതിരായ ആദ്യ സംവാദത്തിൽ പ്രസിഡൻ്റ് ബൈഡൻ പതറിയതായി കാണപ്പെട്ടിരുന്നു. ബൈഡൻ്റെ സ്വകാര്യ ഫിസിഷ്യൻ പാർക്കിൻസൺസ് വിദഗ്ധനെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബൈഡൻ പാർക്കിൻസൺസ് ചികിത്സയിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളെ വൈറ്റ് ഹൗസ് ശക്തമായി എതിർത്തു.
81-കാരനായ പ്രസിഡൻ്റിൻ്റെ മാനസികാരോഗ്യത്തെ പ്രതിരോധിക്കാൻ നിരവധി വിശദീകരണങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അദ്ദേഹം രാത്രിയിൽ അസ്വസ്ഥനായിരുന്നുവെന്നും പകൽ സമയങ്ങളിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിരോധമായി പറയുന്നുണ്ട്. തനിക്ക് ഡിബേറ്റിന് തൊട്ടുമുമ്പുള്ള രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഡെമോക്രാറ്റ് ഗവർണർമാരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ജർമ്മൻ ഉദ്യോഗസ്ഥർക്ക് ബൈഡൻ്റെ ഉറക്ക ക്രമത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും ബൈഡൻ കൂടി വേണമെന്നതിനാൽ മനഃപൂർവ്വം മീറ്റിങ് വൈകുന്നേരം തീരുമാനിക്കുകയായിരുന്നുവെന്നും WSJ റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ ബൈഡൻ മീറ്റിങ്ങിന് എത്തിയില്ല. പകരം സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ യോഗത്തിൽ പങ്കെടുക്കുകയും ബൈഡൻ ഉറങ്ങാൻ പോകണമെന്ന് അറിയിക്കുകയും ചെയ്തു.
കഴിഞ്ഞരണ്ടുവർഷമായി ബൈഡന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
“വൈറ്റ് ഹൗസ് ബൈഡൻ്റെ ദൈനംദിന യാത്രക പരിമിതപ്പെടുത്തുകയും അപ്രതീക്ഷിതമായ ആശയവിനിമയങ്ങളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപദേശകർ വാർത്താ സമ്മേളനങ്ങൾ നിയന്ത്രിച്ചു, ദശലക്ഷക്കണക്കിന് വോട്ടർമാരിലേക്ക് എത്താനുള്ള എളുപ്പവഴിയായ സൂപ്പർ ബൗൾ ഹാഫ്‌ടൈം അഭിമുഖങ്ങൾ കുറഞ്ഞു,” റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.
അതേസമയം, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ബൈഡൻ വലിയൊരു വാർത്താസമ്മേളനം വിളിക്കുമെന്നും മാധ്യമങ്ങളുമായി സംവദിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.