ഗാസയിലെ അമേരിക്കൻ ബന്ദികളുടെ കുടുംബങ്ങളുമായി ബൈഡൻ ഈ ആഴ്ച കൂടിക്കാഴ്ച നടത്തും

ഗാസയിൽ ബന്ദികളാക്കിയതായി കരുതപ്പെടുന്ന അമേരിക്കക്കാരുടെ കുടുംബങ്ങളുമായി പ്രസിഡൻ്റ് ജോ ബൈഡൻ ഈ ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബൈഡൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ തിങ്കളാഴ്ച ഉച്ചക്കു ശേഷം നടന്ന യോഗത്തിൽ, ബന്ദികളുടെ കുടുംബങ്ങളോട് ഈ ആഴ്ച അവസാനം പ്രസിഡൻ്റ് അവരെ കാണുമെന്ന് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ബൈഡൻ വ്യാഴാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് പ്രസിഡൻ്റ് കോവിഡ് -19 ബാധിച്ച് വിശ്രമത്തിലായതിനാൽ കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞയാഴ്ച രോഗനിർണയം നടത്തിയതുമുതൽ പ്രസിഡൻ്റ് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലാണ് താമസം. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങും.

ഗാസയിൽ എട്ട് ഇരട്ട-അമേരിക്കൻ പൗരന്മാർ ഇപ്പോഴും ബന്ദികളാണെന്ന് വിശ്വസിക്കപ്പെടുന്നു, അവരിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇപ്പോഴും ജീവിച്ചിരിക്കുന്ന അഞ്ചുപേരുടെ ക്ഷേമത്തെക്കുറിച്ചോ അവർ എവിടെയാണെന്നോ ഉള്ള വിവരങ്ങൾ ബൈഡൻ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.

ബന്ദികളുടെ കുടുംബങ്ങളുമായും നെതന്യാഹുവുമായും ഈ ആഴ്ച ബൈഡൻ്റെ കൂടിക്കാഴ്ചകൾ ഒരു വെടിനിർത്തലിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നാണ് പ്രതീക്ഷഇക്കുന്നത്. മാസങ്ങളായി പ്രസിഡൻ്റ് മുന്നോട്ട് വച്ചിരുന്ന ബന്ദി മോചന നിർദ്ദേശം ഇതുവരെ അന്തിമമായിട്ടില്ല.