വെളിപ്പെടുത്തൽ ഉണ്ടാകുമോ! തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായി ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു, ഉറ്റുനോക്കി ലോകം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായി പ്രഡിഡന്‍റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലുടെ ബൈഡൻ തന്നെയാണ് ഇക്കാര്യം ലോകത്തോട് പറഞ്ഞത്. അമേരിക്കൻ സമയം ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രസിഡന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന്‍റെയടക്കം കാരണങ്ങൾ ബൈഡൻ വെളിപ്പെടുത്തുമോയെന്നത് കണ്ടറിയണം. അതുകൊണ്ടുതന്നെ ലോകം ബൈഡന്‍റെ അഭിസംബോധയെ വലിയ പ്രധാന്യത്തോടെ ഉറ്റുനോക്കുകയാണ്.

വരും നാളുകളിൽ എന്താണ് സംഭവിക്കാനിരിക്കുന്നതെന്നും അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഞാൻ എങ്ങനെ കർത്തവ്യം പൂർത്തിയാക്കും എന്ന കാര്യങ്ങൾ ഇന്നത്തെ അഭിസംബോധയിൽ പറയുമെന്ന് ബൈഡൻ വിവരിച്ചിട്ടുണ്ട്. കൊവിഡിൽ നിന്ന് പൂർണ സുഖം പ്രാപിച്ചെന്നും ബൈഡൻ കൂട്ടിച്ചേർത്തിട്ടുണ്ട്. 2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ചും ബൈഡൻ വിശദമായി പറയുമെന്നാണ് വ്യക്തമാകുന്നത്.കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ച ശേഷം ബൈഡൻ നേരിട്ട് അമേരിക്കൻ ജനതയെ അഭിമുഖീകരിച്ചിട്ടില്ല. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന കാര്യമടക്കം എക്സിലൂടെയാണ് ലോകത്തെ അറിയിച്ചത്. അതുകൊണ്ടുതന്നെ പ്രസിഡന്‍റ് ബൈഡന്‍റെ അഭിസംബോധനക്ക് വലിയ പ്രാധാന്യമാണ് ലോകം നൽകുന്നത്.

നേരത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് ബൈഡൻ, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ ഡൊമോക്രാറ്റിക്ക് പാർട്ടിയുടെ സ്ഥാനാ‍ർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഡൊമോക്രാറ്റിക്ക് പാർട്ടി തീരുമാനം കൈകൊണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ ബൈഡന്‍റെ അഭിസംബോധനക്ക് രാഷ്ട്രീയ പ്രാധാന്യം വർധിക്കുകയാണ്.