വാഷിംഗ്ടണ്‍: 2018 ല്‍ നിയമ വിരുദ്ധമായി റിവോള്‍വര്‍ കൈവശം വാങ്ങി വച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മകന്‍ ഹണ്ടര്‍ ബൈഡനോട് ക്ഷമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കുന്നത് യുഎസ് പ്രസിഡന്റ് തള്ളിക്കളയുമോ എന്ന എബിസിയിലെ ഡേവിഡ് മുയറിന് നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായാണ് ബൈഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹണ്ടര്‍ ബൈഡന് എതിരായ ക്രിമിനല്‍ കേസില്‍ ഡെലവെയറിലെ ഫെഡറല്‍ കോടതിയില്‍ വിചാരണ തുടങ്ങിയിട്ടുണ്ട്. ഒരു സിറ്റിങ് പ്രസിഡന്റിന്റെ മകന്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത് ഇതാദ്യമാണ്. നിലവില്‍ ഡെലവെയറില്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണയുടെ ഫലം താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ തന്റെ മകന് മാപ്പ് നല്‍കില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, സഹോദരന്‍ ബ്യൂവിന്റെ മരണശേഷം ഹണ്ടര്‍ മയക്കുമരുന്നിന് അടിമയായിരുന്നതിനാല്‍, കേസും നടപടികളും ബൈഡന്‍ കുടുംബത്തിന് കടുത്ത വേദനാജനകമായ നിമിഷമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഡി-ഡേ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവിനൊപ്പം ഫ്രാന്‍സിലേക്ക് പോകുന്നതിന് മുമ്പ് പ്രഥമ വനിത ജില്‍ ബൈഡനും വിചാരണയില്‍ പങ്കെടുത്തു.
ബൈഡന്‍ മുമ്പ് തന്റെ മകന് പിന്തുണ പ്രഖ്യാപിച്ചിരുന്നു, മയക്കുമരുന്നിന്റെ ആസക്തിയില്‍ നിന്ന് കരകയറുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞിരുന്നു. ‘ഞാന്‍ പ്രസിഡന്റാണ്, പക്ഷേ ഞാനും ഒരു അച്ഛനാണ്. ജിലും ഞാനും ഞങ്ങളുടെ മകനെ സ്‌നേഹിക്കുന്നുവെന്നും അവന്‍ മയക്കുമരുന്നില്‍ നിന്നും കരകയറുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും വിചാരണ നടക്കുമ്പോള്‍ പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.