വാഷിംഗ്ടണ്‍: നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്‍ ട്രംപിനെ കടന്നാക്രമിച്ചു. അദ്ദേഹത്തെ ‘ഭീകരന്‍’ എന്നും ‘എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് അപകടകാരി’എന്നും വിശേഷിപ്പിച്ചു. വിര്‍ജീനിയയില്‍ നടന്ന ഹ്യൂമന്‍ റൈറ്റ്സ് കാമ്പെയ്നിന്റെ ”ഇക്വാലിറ്റി ഇന്‍ ആക്ഷന്‍” സമ്മേളനത്തില്‍ സംസാരിച്ച യുഎസ് പ്രഥമ വനിത, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയുടെ പുരോഗതിക്കായുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും നവംബറില്‍ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഈ കമ്മ്യൂണിറ്റിയെ ലക്ഷ്യമാക്കി സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുത്ത് സമൂഹത്തിന്റെ സ്ഥിതി മാറ്റാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്നുവെന്നും ജില്‍ ബൈഡന്‍ അവകാശപ്പെട്ടു. 2020ല്‍, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഭൂരിപക്ഷം വോട്ടര്‍മാരും ബൈഡനെ പിന്തുണച്ചു. അതേ പിന്തുണ ഇപ്പോഴും ആവശ്യമുള്ളതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പിനുമുമ്പുള്ള ജില്‍ ബൈഡന്റെ വാക്കുകള്‍ എത്തുന്നത്.
‘ഡൊണാള്‍ഡ് ട്രംപ് ഒരു ക്രൂരനാണ്. അയാള്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കും നമ്മുടെ കുടുംബങ്ങള്‍ക്കും നമ്മുടെ രാജ്യത്തിനും അപകടകാരിയാണ്, അയാളെ ജയിക്കാന്‍ അനുവദിക്കാനാവില്ല. പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും മറ്റൊരു ടേം ഉണ്ടാകുന്നതുവരെ പോരാടേണ്ടതുണ്ടെന്നും ജില്‍ അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ വിവാഹത്തെ പ്രതിരോധിക്കുന്ന നിയമങ്ങളില്‍ ബൈഡന്‍ ഒപ്പുവച്ചു, ട്രാന്‍സ്ജെന്‍ഡറുകള്‍ സൈന്യത്തില്‍ ചേരുന്നത് വിലക്കുന്ന ട്രംപിന്റെ കാലത്തെ നിര്‍ദ്ദേശം അസാധുവാക്കി, സ്വവര്‍ഗാനുരാഗികള്‍ക്കും ബൈസെക്ഷ്വല്‍ പുരുഷന്മാര്‍ക്കും രക്തം ദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതായും ബൈഡനെ അനുകൂലിച്ച് ജില്‍ സംസാരിച്ചു.