
ന്യൂഡൽഹി: ബിഹാറിൽ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ആകെ 40 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ ബിജെപി മത്സരിക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) 16 സീറ്റുകളിലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 5 സീറ്റുകളിലും ജനവിധി തേടും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്‌വാഹയുടെ ആർഎൽഎമ്മും ഓരോ സീറ്റിലും മത്സരിക്കും.
ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപിയുടെ ശക്തികേന്ദ്രമായ നവാഡയിൽ ഇത്തവണ ബിജെപി മത്സരിക്കും. കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച കിഷൻഗഞ്ചിൽ ജെഡിയു സ്ഥാനാർത്ഥി രംഗത്തിറങ്ങും.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും 17 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ആറു സീറ്റ് എൽജെപിക്കും നൽകി. ആകെയുള്ള 40 സീറ്റുകളിൽ 39 എണ്ണത്തിലും എൻഡിഎ ആണ് വിജയിച്ചത്. എന്നാൽ 2022ൽ നിതീഷ് ബിജെപിയെ വിട്ട് ആർജെഡിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചു മുഖ്യമന്ത്രിയായി.