
ഇസ്ലാമാബാദ്: നിലവിലെ പാകിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വി അടുത്ത മാസം രാജിവെക്കുന്ന സാഹചര്യത്തില്‍ തന്റെ പിതാവ് ആസിഫ് അലി സര്‍ദാരിയെ വീണ്ടും രാഷ്ട്രപതിയാക്കണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. 2008 മുതല്‍ 2013 വരെ പാകിസ്ഥാന്‍ പ്രസിഡന്റായിരുന്നു 68 കാരനായ പിപിപി അധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരി.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച ബിലാവല്‍, പുതിയ സര്‍ക്കാരിന്റെ ഭാഗമാകാതെ തന്നെ പിപിപി നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷെരീഫിന്റെ ശ്രമത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പിതാവ് സര്‍ദാരിയെ അടുത്ത രാഷ്ട്രപതിയാക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
താന്‍ ഇത് പറയുന്നത് അദ്ദേഹം തന്റെ പിതാവായതുകൊണ്ടല്ലെന്നും മറിച്ച് രാജ്യം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലായതിനാലാണെന്നും ബിലാവല്‍ വിശദീകരിച്ചു. മാത്രമല്ല, ആര്‍ക്കെങ്കിലും ഈ തീ അണക്കാന്‍ കഴിയുമെങ്കില്‍ അത് ആസിഫ് അലി സര്‍ദാരിക്കാണെന്നും ബിലാവല്‍ ഉറപ്പിച്ചു പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ അരാജകത്വം കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പിപിപിയുടെ ഉന്നതാധികാര കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ബിലാവല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് തന്റെ പാര്‍ട്ടിക്ക് ആശങ്കയുണ്ടെങ്കിലും ‘രാജ്യത്തിന്റെ വിശാലതാല്‍പ്പര്യം കണക്കിലെടുത്ത്’ അവ അംഗീകരിക്കാന്‍ തീരുമാനിച്ചതായും ബിലാവല്‍ പറഞ്ഞു.