പൂട്ടിക്കിടക്കുന്ന വീടുകൾ, ചുറ്റും പൊലീസുകാർ: ബിൽക്കിസ് ബാനു കേസിലെ വിധിക്ക് പിന്നാലെ പ്രതികൾ ഒളിവിൽ

ഗുജറാത്തിലെ രൺധിക്പൂർ, സിംഗ്വാദ് എന്നീ ഗ്രാമങ്ങളിലേക്കെത്തുന്നവരെ സ്വീകരിക്കുക പൂട്ടിയ വീടുകളും അവയ്ക്ക് കാവൽ നിൽക്കുന്ന പൊലീസുകാരുമാണ്. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളിൽ 9 പേരുടെ വീടുകളാണ് ഈ ഗ്രാമങ്ങളിലുള്ളത്. കേസിലെ പ്രതികൾക്ക് 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് ശേഷം സിംഗ്വാദിൽ എത്തിയ മാധ്യമപ്രവർത്തകരോട് പ്രതികളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കേസ് കോൺഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതികളിലൊരാളായ ഗോവിന്ദ് നായിയുടെ (55) പിതാവായ അഖംഭായ് ചതുർഭായ് റാവൽ ആരോപിച്ചു ഗോവിന്ദ് “ഒരാഴ്ച മുമ്പ്” വീട് വിട്ടുപോയെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇയാൾ ശനിയാഴ്ച്ച തന്നെ വീടുവിട്ടിറങ്ങിയതായാണ് പ്രദേശത്തുള്ള ഒരു പൊലീസുകാരനും പറഞ്ഞത്. തങ്ങളുടെ മകനെതിരെയും കേസിലെ മറ്റൊരു കുറ്റവാളിയായ അഖംഭായിയുടെ സഹോദരൻ ജഷ്‌വന്ത് നായ്‌ക്കെതിരെയും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പ്രതികളുടെ മാതാപിതാക്കൾ പറയുന്നു. പൂർണ്ണമായും ഹിന്ദു വിശ്വാസത്തിൽ ജീവിച്ചുപോരുന്ന തങ്ങളുടെ കുടുംബത്തിലെ ആർക്കും ഇത്തരത്തിലൊരു കുറ്റകൃത്യം നടത്താൻ കഴിയില്ലെന്നും ഇവർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഗോവിന്ദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നെങ്കിലും യാതൊരു ജോലിക്കും പോകാൻ കഴിഞ്ഞിരുന്നില്ല. അയോധ്യയിലെ രാമക്ഷേത്രത്തിലെ സേവനം നടത്താനുള്ള അവസരം ഗോവിന്ദിന് ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കുടുംബം പറയുന്നു. പൂർണ്ണമായും നിയമത്തിന്റെ വഴിയിലാണ് ഗോവിന്ദ് ജയിലിൽ നിന്നും പുറത്തുവന്നത്. ഇനിയും ഒരിക്കൽ കൂടി അകത്ത് കിടക്കണമെന്നാണ് നിയമം പറയുന്നതെങ്കിൽ അതിനും തയ്യാറാണെന്നും 20 വർഷം ജയിലിൽ കിടന്ന ഗോവിന്ദിന് അതൊരു പുതിയ കാര്യമല്ലെന്നും അഖംഭായ് പറഞ്ഞു.

മറ്റൊരു കുറ്റവാളിയായ രാധേശ്യാം ഷാ കഴിഞ്ഞ 15 മാസമായി വീട്ടിലില്ലെന്നാണ് പിതാവ് ഭഗവാൻദാസ് ഷാ പറഞ്ഞത്. എന്നാൽ ഇയാളുൾപ്പെടെ മിക്കവാറും എല്ലാ കുറ്റവാളികളെയും ഞായറാഴ്ച വരെ പരസ്യമായി കണ്ടിരുന്നതായി ഇവരുടെ അയൽവാസികളും ഗ്രാമത്തിലെ കടയുടമകളും സാക്ഷ്യപ്പെടുത്തുന്നു.

“രാധേശ്യാം എവിടെയാണെന്ന് എനിക്കറിയില്ല… അവൻ ഭാര്യയേയും മകനേയും കൂട്ടി വീടുവിട്ട് പോയി,” ഭഗവാൻദാസ് പറഞ്ഞു.

ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി ക്യാരി ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഈ സമയം പ്രതിയുടെ സഹോദരനായ ആഷിഷ് ഷാ. വിധി പുറത്തുവന്നതറിഞ്ഞുവെന്നും എന്ത് ചെയ്യണമെന്ന് ഞങ്ങൾ നോക്കിക്കോളാമെന്നും പ്രതികരിച്ച ആഷിഷ്, തങ്ങൾ ഇതുവരെയും അഭിഭാഷകരുമായി തുടർനടപടികളെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

രാധേശ്യാമിന്റെ അയൽവാസികളായ ശൈലേഷ് ഭട്ട് (65), മിതേഷ് ഭട്ട് (58) എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ ഇവരെക്കുറിച്ചും യാതൊരു വിവരമില്ലെന്നാണ് ഷായുടെ കുടുംബം പ്രതികരിച്ചത്.

മിക്ക കടയുടമകളും കുറ്റവാളികളെക്കുറിച്ചോ വിധിയെക്കുറിച്ചോ അഭിപ്രായം പറയാൻ വിസമ്മതിച്ചു. കുറ്റവാളികൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ ഒരു ഗ്രാമീണൻ പറഞ്ഞു, “നിങ്ങൾക്ക് അവരെ കണ്ടെത്തനാകില്ല. എല്ലാവരും വീട് പൂട്ടി പോയി.”

പ്രതികളെ കുറിച്ചോ കേസിലെ ഇപ്പോഴത്തെ വിധിയെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നർകാൻ ഇവരാരും തയാറായില്ല.

തിങ്കളാഴ്‌ചത്തെ വിധിയുടെ പശ്ചാത്തലത്തിൽ പ്രതികളുടെ വീടുകൾക്ക് ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിധി വന്ന സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള പ്രകോപനമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ നടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രന്ധിക്പൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ജി ബി രത്വ പറഞ്ഞു.

കേസിൽ ജയിൽ മോചിതനായ ശേഷം പ്രതികളിലൊരാളായ രമേഷ് ചന്ദന (60)യെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാ( ഫോണെടുത്തിരുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ചന്ദന ഇപ്പോൾ സിംഗ്വാദിൽ വരാറില്ലെന്നും ഗോധ്രയിലാണ് താമസിക്കുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു.

മറ്റൊരു പ്രതിയായ പ്രദീപ് മോഡിയ തിങ്കളാഴ്‌ച പുലർച്ചെ വീട് വിട്ടു പോയതായും ഇയാൾ തന്റെ വാഹനവും ഉപേക്ഷിച്ചാണ് പോയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വീടിന് പുറത്ത് കാവലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ആർ എൻ ദാമോർ പറഞ്ഞു.

രാജുഭായ് സോണി, കേശർഭായ് വോഹാനിയ, ബകാഭായ് വൊഹാനിയ, ബിപിൻചന്ദ്ര ജോഷി എന്നിവരാണ് ഗ്രാമത്തിൽ നിന്നുള്ള മറ്റ് പ്രതികൾ. ഇവരെല്ലാം തന്നെ ഇപ്പോൾ വഡോദരയിലാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതികളുടെ വീടുകളെല്ലാം തന്നെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന്റെ വിളിപ്പാടകലെയാണുള്ളത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടയുമായി ബന്ധപ്പെട്ട് ഇവിടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് കൊണ്ടാടുന്നത്.

More Stories from this section

family-dental
witywide