അഹമ്മദാബാദ്: കൂട്ടബലാത്സംഗം കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി വിതിയിൽ പ്രതികരണവുമായി ബിൽകിസ് ബാനുവിന്റെ കുടുംബം. വിധിയിൽ ആശ്വാസമുണ്ടെന്നും, എന്നാൽ ഇതൊരു വിജയമായി കണക്കാക്കുന്നില്ലെന്നും ബിൽകിസ് ബാനുവിന്റെ കുടുംബം പറഞ്ഞതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇളവ് അനുവദിക്കുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാരിന്റെ അധികാരപരിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ശരിവച്ചതിൽ കുടുംബം തൃപ്തരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കോടതി നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ കുടുംബം വിസമ്മതിച്ചു.
“എസ്‌സി ഉത്തരവ് ജുഡീഷ്യറിയിലുള്ള ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചു, നീതി നിലനിൽക്കുന്ന എന്ന ആശ്വാസം നൽകുന്നു… പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശിക്ഷ ഇളവിന് അപേക്ഷിക്കാൻ കുറ്റവാളികൾ തയ്യാറെടുക്കുന്നതിനാൽ ഞങ്ങൾക്ക് ഇതുവരെ വിജയിച്ചതായി തോന്നുന്നില്ല… ശിക്ഷ ഇളവിന് അപേക്ഷിക്കുമ്പോൾ ജയിലിന് പുറത്ത് തുടരാനുള്ള കുറ്റവാളികളുടെ അപേക്ഷ കോടതി പരിഗണിക്കുമോ എന്നതാണ് ഇപ്പോൾ ഞങ്ങളെ അലട്ടുന്ന സംശയം. അവരെ ജയിലിലേക്ക് തിരിച്ചയക്കുന്നതുവരെ പോരാട്ടം അവസാനിക്കില്ല.”
2022 ഓഗസ്റ്റിൽ കുറ്റവാളികൾക്ക് ഇളവ് അനുവദിച്ചതുമുതൽ ബിൽക്കിസും കുടുംബവും ഒരു അജ്ഞാത സ്ഥലത്താണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.