ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രാധേശ്യാം ഭഗവാന്‍ദാസ്, രാജുഭായ് ബാബുലാല്‍ എന്നിവര്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. 2002ലെ ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് രണ്ടുപേരും
എല്ലാ പ്രതികള്‍ക്കും ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരിന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ യാതൊരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി നടപടി. പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
പ്രതികള്‍ക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത് റിഷി മല്‍ഹോത്രയാണ്. പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞതോടെ പ്രതികള്‍ ഹര്‍ജി പിന്‍വലിച്ചു.