വാഷിങ്ടന്‍ : തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കമലാ ഹാരിസിനു 50 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്. കമലയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കാണു സംഭാവന നല്‍കിയത്.
എന്നാല്‍, സംഭവാന രഹസ്യമായിരുന്നുവെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുന്ന കമലയ്ക്കു ബില്‍ ഗേറ്റ്‌സ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതില്‍, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടുംബാസൂത്രണത്തിനും ആഗോള ആരോഗ്യ പരിപാടികള്‍ക്കുമുള്ള വിഹിതത്തില്‍ കുറവുണ്ടാകുമെന്നു ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് ആശങ്കയുണ്ട്.
അതേസമയം, ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് പരസ്യമായി കമലയെ അംഗീകരിച്ചിരുന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് ഇതുവരെ 81 ശതകോടീശ്വരര്‍ കമലയെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ഇലോണ്‍ മസ്‌കിന്റെ പിന്തുണ ട്രംപിനാണ്.