ന്യൂയോർക്ക്: ലോക പ്രശസ്ത ശത കോടിശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് ഇന്ത്യക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം വിവാദത്തില്‍. ഇന്ത്യ കാര്യങ്ങള്‍ പരീക്ഷിക്കാൻ പറ്റിയ ലബോറട്ടറിയെന്ന പരാമർശമാണ് വിവാദത്തിലായത്. ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാനുമായുള്ള പോഡ്കാസ്റ്റിനിടെയാണ് ബില്‍ ഗേറ്റ്സ് വിവാദ പരാമര്‍ശം നടത്തിയത്. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ലബോറട്ടറിയാണ് ഇന്ത്യ എന്ന ബില്‍ ഗേറ്റ്‌സിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഇന്ത്യയുടെ പുരോഗതിയും ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനുമായുള്ള ഇന്ത്യയുടെ സഹകരണവും ഉയര്‍ത്തിക്കാട്ടുന്നതിനിടെ ബില്‍ ഗേറ്റ്‌സ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഏഴ് ആദിവാസി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപണം ഉയര്‍ന്ന 2009ലെ വിവാദമായ ക്ലിനിക്കല്‍ ട്രയല്‍ വീണ്ടും പൊടിതട്ടിയെടുത്താണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്. അന്ന് ഗേറ്റ്സ് ഫൗണ്ടേഷനാണ് ക്ലിനിക്കല്‍ ട്രയലിനായി ഫണ്ട് ചെലവഴിച്ചത്.
‘ഒരുപാട് കാര്യങ്ങളില്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന ഒരു രാജ്യത്തിന് ഉദാഹരണമാണ് ഇന്ത്യ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെട്ടു വരികയാണ്. ഇവ മെച്ചപ്പെട്ടാല്‍ മാത്രം മതി സര്‍ക്കാരിന്റെ വരുമാനം ഉയരാന്‍. 20 വര്‍ഷം കഴിഞ്ഞാല്‍ ജനങ്ങള്‍ ഒരുപാട് മെച്ചപ്പെടും. കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ലബോറട്ടറിയാണ് ഇന്ത്യ. അത് ഇന്ത്യയില്‍ തെളിയിക്കുന്നതോടെ നിങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നടപ്പാക്കാവുന്നതാണ്’- ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
ഗേറ്റ്സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ PATH (പ്രോഗ്രാം ഫോര്‍ അപ്രോപ്രിയേറ്റ് ടെക്നോളജി ഇന്‍ ഹെല്‍ത്ത്) 2009ല്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് ആണ് സോഷ്യല്‍മീഡിയയില്‍ ബില്‍ ഗേറ്റ്‌സിനെ വിമര്‍ശിക്കുന്നത്. 2009ലെ വാക്സിന്‍ പരീക്ഷണം ഇന്ത്യയെയും മറ്റ് വികസ്വര രാജ്യങ്ങളെയും വിദേശ ധനസഹായമുള്ള സംഘടനകള്‍ എങ്ങനെ പരീക്ഷണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന കമന്റുകള്‍.