വീണ്ടും വിവാദത്തിന്റെ തീച്ചൂളയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്. സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്നും വനിതാ പ്രവര്‍ത്തകര്‍ക്കും ഇന്റേണുകള്‍ക്കുമൊപ്പം ബില്‍ ഗേറ്റ്സ് തനിച്ചിരിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെന്നുമാണ് പുതിയ ആരോപണം. ഉന്നയിച്ചത് എഴുത്തുകാരിയായ അനുപ്രീത ദാസാണ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തിലൂടെയാണ് അവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നിട്ടും തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരോടും ഇന്റേണുകളോടും മോശമായ രീതിയില്‍ ബില്‍ഗേറ്റ്‌സ് പെരുമാറിയെന്നാണ് പ്രധാന ആരോപണം. ബില്‍ഗേറ്റ്സിന്റെ വിവാഹ ജീവിതത്തെപ്പോലും ഇത് കാര്യമായി ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിന്റ ഫ്രഞ്ച് ഗേറ്റ്സിന് ഭര്‍ത്താവിനെ സംശയം ഉണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ നമ്പറും മറ്റും ആര്‍ക്കും കൊടുക്കാന്‍ ഭാര്യ സമ്മതിച്ചിരുന്നില്ലെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദമ്പതികള്‍ ബന്ധം വേര്‍പിരിയാനുള്ള പ്രധാന കാരണം ഇതാണെന്നും പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം, അനുപ്രീത ദാസ് പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങള്‍, എവിടെ നിന്നൊക്കെയോ ലഭിച്ച വിവരങ്ങളും അജ്ഞാത ഉറവിടങ്ങളെ ആശ്രയിച്ചുമാണെന്ന് ബില്‍ ഗേറ്റ്സിന്റെ വക്താവ് ആരോപിച്ചു. തങ്ങളുടെ ഓഫീസ് എഴുത്തുകാരിക്ക് നല്‍കിയ യഥാര്‍ത്ഥ ഡോക്യുമെന്റുകളും വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങളുടെ മുന ഒടിക്കാനെന്നോണം ബില്‍ ഗേറ്റസുമായി അടുത്ത് ബന്ധമുള്ള വ്യക്തികളെല്ലാം തന്നെ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് എത്തിയിട്ടുണ്ട്. ബില്‍ ഗേറ്റ്സ് സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിയല്ലെന്നും അവരോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയോ ചൂഷണം ചെയ്യുകയോ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റ് മുന്‍ എക്സിക്യൂട്ടീവ് തന്നെ ഇക്കാര്യത്തില്‍ ബില്‍ ഗേറ്റ്‌സിനൊപ്പം നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം കിടക്ക പങ്കിട്ട ആര്‍ക്കും ഒന്നും കിട്ടിയതായി തനിക്ക് അറിയില്ലെന്നും മുന്‍ എക്സിക്യൂട്ടീവ് വ്യക്തമാക്കി. ഓഗസ്റ്റ് 13 ന് വിവാദ പുസ്തകം സ്റ്റോറുകളില്‍ എത്തുമെന്നാണ് വിവരം.