ആലപ്പുഴ: ഇടതുവിദ്യാർഥി സംഘടനയായ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പുതിയ കാലത്തെ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും ആശയവുമറിയിലല്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാകൃത സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ അവരുടെ ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വിവാദമായിരുന്നു.
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.
Binoy Viswam against SFI