‘ചിരിച്ചുകൊണ്ട് തള്ളുന്നു’, ഹസന്റെ ക്ഷണത്തോട് ബിനോയ് വിശ്വം! ‘കണ്ണൂരിലെ ചെങ്കൊടി വിമർശനം വ്യക്തിപരമല്ല’

തിരുവനന്തപുരം: എൽ ഡി എഫ് മുന്നണിവിട്ട് സി പി ഐ പുറത്തുവരണമെന്നുള്ള യു ഡി എഫ് കൺവീനർ എം എം ഹസന്റെ ക്ഷണത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം രംഗത്ത്. ഹസന്റെ ക്ഷണം ചിരിച്ചുകൊണ്ട് തള്ളുന്നുവെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. കണ്ണൂരിലെ വിവാദങ്ങളിലെ വിമർശനം വ്യക്തിപരമല്ലെന്നും പറയാനുള്ളത് പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം വിവരിച്ചു. ചെങ്കൊടിയുടെ തണലിൽ അധോലോക സംസ്‌കാരം വളരരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ സി പി എം വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ ബിനോയ് വിശ്വം ഇന്നലെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമെന്നടക്കം ബിനോയ് വിശ്വം പറഞ്ഞിരുന്നു. അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണം പൊട്ടിക്കലിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ‌ വ്യക്തമാക്കിയിരുന്നു. ഇതിലാണ് ഇന്ന് അദ്ദേഹം വിശദീകരണം നടത്തിയത്.

More Stories from this section

family-dental
witywide