‘ഒന്നല്ല, രണ്ടുവട്ടം ആർഎസ്എസ് നേതാക്കളെ കണ്ടു, എന്തിനാണെന്ന് ആർക്കുമറിയില്ല’; അജിത്കുമാർ മാറിയേ തീരൂവെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ കടുത്ത നിലപാടുമായി സിപിഐ. എഡിജിപിയെ മാറ്റിയേ തീരൂവെന്നും ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോ​ഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. താൻ പറയുന്നത് പാർട്ടിയുടെ നിലപാടാണെന്നും എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘‘ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാ‌ൽ, അറിയപ്പെടുന്ന ആർഎസ്എസ് നേതാക്കളെ എം.ആർ.അജിത്കുമാർ കണ്ടു. എൽഡിഎഫ് ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സിപിഐ നിലപാട്. ഉറച്ച നിലപാടാണ്. എഡിജിപിയുടെ ചുമതല വഹിക്കാൻ ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ,’’ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് വിട്ട നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരായ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെയും അദ്ദേഹം തള്ളിയിരുന്നു.

More Stories from this section

family-dental
witywide