ആലപ്പുഴ: പക്ഷിപ്പനി ജാഗ്രതയില്‍ ആലപ്പുഴ. ജില്ലയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് അതീവ ജാഗ്രതയിലേക്ക് കടക്കുന്നത്. തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും. ഇവിടങ്ങളില്‍ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്.
മാത്രമല്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കുന്നുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളില്‍ നിന്ന് രോഗം കൂടുതല്‍ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
വളര്‍ത്ത് പക്ഷികളോ മറ്റു പക്ഷികളോ ചത്തു വീണാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും മറവ് ചെയ്യുമ്പോള്‍ മാസ്‌കും നീളമുള്ള കൈയുറയും ധരിക്കണമെന്നും അണുനാശിനികള്‍ ഉപയോഗിക്കണമെന്നും മറ്റു മൃഗങ്ങള്‍ക്ക് മാന്തിയെടുക്കാന്‍ കഴിയാത്ത വിധം ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണമെന്നും പനി,തലവേദന,ചുമ ,ശ്വാസംമുട്ട്,ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അറിയണം ഇക്കാര്യങ്ങള്‍
പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ ഇടയുണ്ടെങ്കിലും സാധ്യത കുറവാണ്. എങ്കിലും കരുതല്‍ അത്യാവശ്യമാണ്.
പക്ഷികളുടെ കണ്ണ്, മൂക്ക്, വായ എന്നിവയില്‍ നിന്ന് വരുന്ന സ്രവത്തിലും കാഷ്ഠത്തിലും വൈറസ് ഉണ്ടാകും. പക്ഷികളുടെ തൂവലില്‍ ആഴ്ചകളോളം വൈറസ് നിലനില്‍ക്കും. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുമ്പോള്‍ മനുഷ്യരുടെ കണ്ണ്, മൂക്ക്, വായ ഇവയിലെ നേര്‍ത്ത സ്തരങ്ങളിലൂടെയും ശ്വസിക്കുന്നതിലൂടെയും വൈറസിന് മനുഷ്യ ശരീരത്തില്‍ കടക്കാന്‍ കഴിയും. രോഗബാധിതരായ പക്ഷികളുടെ സ്രവങ്ങളും കാഷ്ഠവും വീണ പ്രതലങ്ങള്‍, വസ്തുക്കള്‍ ഇവയില്‍ സ്പര്‍ശിക്കുന്നതിലൂടെയും വൈറസ് ബാധ ഉണ്ടാകും. രോഗബാധിതരായ പക്ഷികളുടെ സ്രവവും കാഷ്ഠവും മറ്റും കലര്‍ന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാന്‍ കുറഞ്ഞ സാധ്യതയുണ്ട്.
പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിത അകലം പാലിക്കുക. പക്ഷികളുടെ സ്രവമോ കാഷ്ഠമോ വീണ പ്രതലങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉടനെ സോപ്പിട്ട് കഴുകുകയോ കുളിക്കുകയോ വേണം. രോഗം സംശയിക്കുന്ന പക്ഷികള്‍, ചത്ത പക്ഷികള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ അതാത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക, സ്വയം നിരീക്ഷണം നടത്തുക.
ചത്ത പക്ഷികളെ കണ്ടാല്‍ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി അധികൃതരെ അറിയിക്കുക, അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം മറവു ചെയ്യുക. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌കും നീളമുള്ള കയ്യുറയും ധരിക്കണം. കൈകള്‍ സോപ്പിട്ട് കഴുകുകയും വേണം. ഭക്ഷണാവശിഷ്ടങ്ങള്‍, മാംസാവശിഷ്ടങ്ങള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌കരിക്കുക. ചന്തകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് ഒഴിവാക്കുക.