ജനീവ: രണ്ടര വയസ്സുള്ള ഓസ്ട്രേലിയന്‍ പെണ്‍കുട്ടിക്ക് എച്ച് 5 എന്‍ 1 പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടി ഇന്ത്യയിലെത്തി മടങ്ങിയതിനുശേഷമാണ് രോഗം സ്ഥിരീകരിച്ചതെന്നും തീവ്ര പരിചരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഫെബ്രുവരി 12 മുതല്‍ 29 വരെ പെണ്‍കുട്ടി കൊല്‍ക്കത്തയിലായിരുന്നു. അവിടെവെച്ച് രോഗികളുമായോ മൃഗങ്ങളുമായോ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. മാര്‍ച്ച് ഒന്നിന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ അടുത്ത ദിവസം തെക്കുകിഴക്കന്‍ വിക്ടോറിയ സംസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ആരോഗ്യ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് മാര്‍ച്ച് 4 ന് കുട്ടിയെ ഒരാഴ്ചത്തേക്ക് സംസ്ഥാന തലസ്ഥാനമായ മെല്‍ബണിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടര ആഴ്ചക്ക് ശേഷം കുട്ടി ആശുപത്രി വിട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
എച്ച് 5 എന്‍ 1 എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ കേസാണിത്. വൈറസ് എങ്ങനെയാണ് കുട്ടിയെ ബാധിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഇന്ത്യയിലെത്തി മടങ്ങിയതിനാല്‍ ഇന്ത്യയില്‍ നിന്നുതന്നെയാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടി യാത്ര ചെയ്ത സ്ഥലത്തും പക്ഷികളില്‍ ഈ വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
വൈറസ് ബാധ മനുഷ്യര്‍ക്ക് നിലവില്‍ അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും എപ്പിഡെമിയോളജിക്കല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.