മലയാളത്തിന്റെ നിത്യയൗവ്വനത്തിന് ഇന്ന് 73-ാം പിറന്നാള്‍. ജന്മദിനത്തില്‍ മമ്മൂട്ടിയെ ഒരുനോക്കു കാണാന്‍ പതിവുപോലെ ഇക്കുറിയും അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ മുന്നില്‍ പാതിരാത്രിയില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ആരെയും നിരാശപ്പെടുത്തിയില്ല മലയാളത്തിന്റെ ‘വല്യേട്ടന്‍’. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ലൈവ് വീഡിയോ കോളില്‍ ആരാധകര്‍ക്ക് പങ്കിട്ടു.
അതേസമയം, താരങ്ങള്‍ ഇന്ന് പുലര്‍ച്ചെ 12 മണിമുതല്‍ ആശംസകളുമായി എത്തുന്നുണ്ട്. മമ്മൂട്ടിയുടെ സന്തതസഹചാരികളില്‍ ഒരാളായ രമേഷ് പിഷാരടി ‘പിച്ചകപ്പൂവള്ളികള്‍ക്ക് പടര്‍ന്നു കയറാനും പച്ചപ്പുല്‍ നാമ്പുകള്‍ക്ക് പൂക്കുവാനും… ചോല കൊടുത്ത ചേലിന്…. പിറന്നാള്‍’ എന്നാണ് കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഇളയ മകന്റെ ചിത്രം കൂടി പിഷാരടി പങ്കുവെച്ചിട്ടുണ്ട്.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ സെക്കന്‍ഡുകള്‍ മാത്രം സ്‌ക്രീനില്‍ വന്നുപോയ 20 കാരന്‍ ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ തിര സിംഹാസനത്തില്‍ ഇനിയും ത്രസിപ്പിക്കാന്‍ കാത്തിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജന്മദിനമായ ഇന്നു പുറത്തുവിടുമെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂരജ് ആര്‍., നീരജ് ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂര്‍ത്തിയാകും. ഇക്കുറി മമ്മൂട്ടിയുടെ പിറന്നാളില്‍ നിന്നും ഓണത്തിന് അധിക ദൂരമില്ല. ബസൂക്കയെന്ന ചിത്രം ഓണം റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാധകര്‍ക്ക് നിരാശ നല്‍കി ചിത്രത്തിന്റെ റിലീസ് മാറ്റി.
കാലം ചെല്ലുംതോറും മമ്മൂട്ടിയുടെ പ്രായം കുറയുകയാണെന്ന് തമാശയായി പലരും പറയാറുണ്ടെങ്കിലും മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് ഇന്നും യൂത്തന്മാരെ ആകര്‍ഷിക്കുന്നുണ്ട്. പലരും കോപ്പി ചെയ്യുന്നുമുണ്ട്. ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന വിനീത് ശ്രീനിവാസന്‍ സിനിമയില്‍ പോലും, മമ്മൂട്ടിയുടെ ചെറുപ്പത്തെക്കുറിച്ചുള്ള ഡയലോഗ് തിയേറ്ററുകളില്‍ വലിയ കയ്യടി നേടിയിരുന്നു. യൂത്ത് ഐക്കണ്‍ പുരസ്‌കാരം മമ്മുക്കയ്ക്കാണ് എന്ന് ഒരാള്‍ ഫോണിലൂടെ നടന്‍ നിവിന്‍ പോളിയുമായി സംസാരിക്കുന്ന വീഡിയോ തമാശയ്ക്കപ്പുറം മമ്മൂട്ടിയുടെ ‘ചെറുപ്പത്തിലേക്ക്’ എത്തി നില്‍ക്കുന്നു.