കൊച്ചി: വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് കൊടും ചൂഷണമാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍. സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്നും എറണാകുളത്ത് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ജോസഫ് കളത്തിപറമ്പില്‍ ആരോപിച്ചു.
വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൊടും ചൂഷണമാണ് നടക്കുന്നത്. തീരദേശവാസികള്‍ക്കും ലത്തീന്‍ സമൂഹത്തിനും എതിരെ ഭരണാധികാരികള്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി അടിച്ചമര്‍ത്തുകയാണെന്നും ജോസഫ് കളത്തിപറമ്പില്‍ ആരോപിച്ചു. നേരത്തേ ലത്തീന്‍ കത്തോലിക്ക മുഖപത്രമായ ‘ജീവനാദ’ത്തിലൂടെയും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തിയിരുന്നു.
പിണറായി മന്ത്രിസഭ സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി മാറിയെന്നായിരുന്നു ജീവനാദത്തിന്റെ മുഖപ്രസംഗത്തിലൂടെ നവകേരള സദസിനെ പരാമര്‍ശിച്ച് സഭ പരിഹസിച്ചത്. ഇത്തരത്തില്‍ ഒരു മന്ത്രിസഭ പരിഹാസ്യമാവുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. നവകേരള സദസിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖപ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.