കൊച്ചി: പുതിയ കാലത്തെ മലയാള സിനിമകൾ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന വിമർശനവുമായി കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, പ്രേമലു തുടങ്ങിയ സിനിമകൾക്കെതിരെയാണ് ബിഷപ്പ് രംഗത്തുവന്നത്. സഭ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികള്‍ ഈ സിനിമകള്‍ക്ക് അനുകൂലമായി അഭിപ്രായ പ്രകടനം നടത്തിയപ്പോഴാണ് ബിഷപ്പ് കുട്ടികളെ തിരുത്തിയത്. ആവേശം സിനിമയിലെ ‘ഇല്ലുമിനാട്ടി’ എന്ന ഗാനം ക്രൈസ്തവ മതത്തിനെതിരെയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
“ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളിൽ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുവൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് നിങ്ങൾക്ക് അറിയാമോ. അത് മതത്തിന് എതിരായി നിൽക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.”
ബിഷപ്പ് കുട്ടികളോട് ഇഷ്ട സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം എന്നീ സിനിമകളാണ് ഇഷ്ടമെന്ന് മറുപടി നല്‍കുകയായിരുന്നു. പിന്നാലെയാണ് ബിഷപ്പിന്റെ വിമർശനം ആരംഭിച്ചത്.
“പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ പോലീസും അഗ്നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോൾ അവരുടെ കൂട്ടത്തിൽ ഒരാൾ ഇറങ്ങി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മൽ ബോയ്സ്. നല്ല കാര്യം. എന്നാൽ, ഒരു കാര്യം ആലോചിക്കണം. അവർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ കുടിയും ഛർദ്ദിയുമാണ്,” ബിഷപ്പ് പറഞ്ഞു.