മുംബൈ: മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് ഗംഭീര വിജയം. മത്സരിച്ച ഒന്‍പത് സീറ്റിലും ബിജെപി, ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബിജെപിയുടെ പങ്കജ് മുണ്ടെയടക്കം അഞ്ച് പേരും ശിവസേനയുടെയും എന്‍സിപിയുടെയും രണ്ട് പേരും വീതമാണ് മത്സര രംഗത്തിറക്കിയത്. മഹാവിഘാസ് അഘാഡി സഖ്യം മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കുമ്പോൾ, മഹാരാഷ്ട്രയില്‍ സെമി ഫൈനലായി കാണുന്ന എംഎല്‍സി തിരഞ്ഞെടുപ്പിലെ വിജയം മഹായുതി സഖ്യത്തിന് ആത്മവിശ്വാസം പകരുന്നതാണ്. തിരഞ്ഞെടുപ്പ് വിജയം തന്നെയായിരിക്കും ബിജെപിയുടെ പ്രചാരണായുധം. ഇതേ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു.
“അഞ്ച് എംഎൽഎമാർ ഞങ്ങളെ പിന്തുണച്ചു. അവർക്ക് നന്ദി. തിരഞ്ഞെടുപ്പ് വരുമ്പോൾ ആരോപണങ്ങൾ ഉന്നയിക്കപ്പെടും. പക്ഷേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല…” അജിത് പവാർ പറഞ്ഞു.
ഇന്ന് രാവിലെയാണ് 11 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 12 പേരാണ് ആകെ മത്സര രംഗത്തുണ്ടായിരുന്നത്. ക്രോസ് വോട്ട് നടന്നില്ലെങ്കില്‍ സഭയിലെ കണക്കുകള്‍ വെച്ച് ഈ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എംഎല്‍എമാരാണ് എംഎല്‍സിമാരെ തിരഞ്ഞെടുക്കുക. രാജ്യത്ത് ഇപ്പോഴും ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.